കരുനാഗപ്പള്ളി: ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പോലീസ്. പ്രതികളെ കണ്ടെത്തുന്നതിനും അന്വേഷണത്തിനുമാണ് പ്രത്യേക സംഘം. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ 18 അംഗ സംഘമാകും കേസ് അന്വേഷിക്കുക. പ്രത്യേക സംഘത്തിൽ മൂന്ന് ഇൻസ്പെക്ടർമാരും നാല് എസ്ഐമാരും ഉൾപ്പെടുന്നു. ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച വാഹനം പിടികൂടുന്നതിനിടെ രണ്ട് പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
പുലർച്ചെ 2.15 ഓടെയാണ് കരുനാഗപ്പള്ളിയെ നടുക്കിയ കൊലപാതകം. ഗുണ്ടാ നേതാവായ സന്തോഷിനെ കാറിലെത്തിയ 4 അംഗ സംഘം തോട്ടയെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവിൽ എത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടി. അലുവ അതുൽ ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് അനീർ പോലീസിന് മൊഴി നൽകി. പ്രതികൾ കൊലപാതകം നടത്തുന്നതിന് മുൻപ് സുഹൃത്തായ കുക്കുവെന്ന മനുവിനെ കണ്ടിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.