മല്ലപ്പള്ളി : അടച്ചിട്ട വീട് കുത്തിത്തുറന്ന് 20 പവന് സ്വര്‍ണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്ന കേസില്‍ കൊടുംക്രിമിനല്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര പള്ളിച്ചല്‍ ഭഗവതിനട വട്ട വിളപുത്തന് വീട്ടില്‍ അനില്‍കുമാര്‍(44), പേരൂര്‍ക്കട കുടപ്പനക്കുന്ന് ജെപി ലെയ്ന്‍ പുല്ലുകുളം വീട്ടില്‍ ബിജു കുമാര്‍ (43) എന്നിവരെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. കുന്നന്താനം കല്ലുങ്കല്‍ നെടുങ്ങാടപ്പള്ളി കിഴക്കയില്‍ മത്തായിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 15ന് ഇവര്‍ കഴക്കൂട്ടത്തെ ബന്ധുവീട്ടില്‍ പോയിരുന്നു. 17ന് വൈകുന്നേരം അഞ്ചോടെയാണ് തിരിച്ചെത്തിയത്. ഈ സമയമാണ് മോഷണം നടന്നതായി തിരിച്ചറിഞ്ഞത്. കിടപ്പുമുറിയിലെ സ്റ്റീല്‍ അലമാരയിലും ഭിത്തിഅലമാരയിലുമായി സൂക്ഷിച്ചിരുന്ന 20 പവന് സ്വര്‍ണവും ലാപ് ടോപ്പും സിസിടിവിയുടെ ഡിവിആറും മോണിറ്ററും അഞ്ച് വാച്ചുകളും നഷ്ടപ്പെട്ടിരുന്നു.
വിരലടയാള വിദഗ്ധര്‍ ശാസ്ത്രീയ അന്വേഷണം സംഘം ഡോഗ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. അറസ്റ്റിലായ അനില്‍കുമാര്‍ തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണം മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം, ആയുധനിയമം ഉള്‍പ്പെടെയുള്ള 17 കേസുകളില്‍ പ്രതിയാണ്. പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതികൂടിയാണ് ഇയാള്‍. രണ്ടാം പ്രതി പോക്സോ ഉള്‍പ്പെടെ മൂന്ന് കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവല്ല ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ കീഴ്വായ്പ്പൂര് എസ് എച്ച് ഓ വിപിന്‍ ഗോപിനാഥന്, എസ് ഐമാരായ സതീഷ് ശേഖര്‍, മനോജ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുമുള്ള പ്രത്യേകസംഘം ഇവരെ തിരുവനന്തപുരത്തുനിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനാണ് പോലീസ് നീക്കം.





























