ജയ്പുര്‍ : പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തയായ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണു നീക്കം.
കോണ്‍ഗ്രസ് എംഎല്‍എ കൃഷ്ണ പൂനിയയെയാണു സിബിഐ ചോദ്യം ചെയ്തത്. ചോദ്യംചെയ്യല്‍ രണ്ടു മണിക്കൂര്‍ നീണ്ടു. അശോക് ഗെലോട്ടിന്റെ സ്പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ ദേവാ റാം സൈനിയെയും സിബിഐ ചോദ്യം ചെയ്തതായാണു റിപ്പോര്‍ട്ടുകള്‍. നേരത്തെ ഗെലോട്ടിന്റെ വിശ്വസ്തരുടെ കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മേയ് 23-നാണ് വിഷ്ണുദത്ത് എന്ന പോലീസ് ഓഫീസറെ ഔദ്യോഗിക വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന് സര്‍ക്കാര്‍ കേസ് സിബിഐക്കു വിടുകയായിരുന്നു.
കൃഷ്ണ പൂനിയയുടെ സമ്മര്‍ദ്ദവും ഭീഷണിയും മൂലമാണു പോലീസുകാരന് ആത്മഹത്യ ചെയ്തതെന്നാണു ബിജെപിയും ബിഎസ്പിയും ആരോപിക്കുന്നത്. 2004, 2008, 2012 ഒളിമ്പിക്സുകളില്‍ ഇന്ത്യക്കു വേണ്ടി മത്സരിച്ചിട്ടുള്ള ഡിസ്കസ് ത്രോ താരമായ കൃഷ്ണ പൂനിയ 2013-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.