ഇടുക്കി: എം.ഡി.എം.എയുമായി പോലീസുകാരൻ പിടിയിൽ. ഇടുക്കി എ.ആർ. ക്യാമ്പിലെ എം.ജെ.ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയെയും കസ്റ്റഡിയിൽ എടുത്തു. തൊടുപുഴ മുതലക്കോടം കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സിവിൽ പോലീസ് ഓഫീസർ ഷാനവാസിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.
ഷാനവാസിന്റെ കാറിൽ നിന്നും മൂന്നര ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. ഓടി രക്ഷപെടാൻ ശ്രമിച്ച സുഹൃത്ത് ഷംനാസ് ഷാജിയെ എക്സൈസ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്ക് ലഹരി എവിടെ നിന്നാണ് ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.