കണ്ണൂര്‍ : തളിപ്പറമ്പില്‍ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം
തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന പോലീസുകാരനെതിരായ കേസ് പരാതിക്കാര്‍ പിന്‍വലിച്ചു. പരാതി പിന്‍വലിച്ചതായും തുടര്‍നടപടികള്‍ വേണ്ടെന്നും കാണിച്ച് പരാതിക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. തളിപ്പറമ്പ് പോലിസ് സ്റ്റേഷനിലെ സിപിഒ ചെറുതാഴം സ്വദേശി ഇ.എന്‍ ശ്രീകാന്തിനെതിരെയായിരുന്നു കേസ്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിനസ്പദമായ സംഭവം നടന്നത്. മോഷണക്കേസില്‍ അറസ്റ്റിലായ പുളിമ്പറമ്പ് സ്വദേശി ഗോകുലിന്റെ സഹോദരിയാണ് പരാതിക്കാരി. ഇവരുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് രഹസ്യമായി ചോദിച്ച് മനസിലാക്കി അരലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് കേസ്.