ബംഗളുരു : പോലീസുകാര്‍ക്ക് നാണക്കേടുണ്ടാക്കി ജ്വല്ലറിയില്‍ സ്വര്‍ണ മോഷണം. റെയ്ഡിന്റെ മറവില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച കേസിലാണ് പോലീസുദ്യോഗസ്ഥര്‍ അറസ്റ്റിലായത്. ബംഗളുരുവിലെ ഹലസുരു ഗേറ്റ് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അശോക (29) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹപ്രവര്‍ത്തകന്‍ ചൊവ്ഡെഗൗഡ ഒളിവിലാണ്. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഷെയ്ഖ് (34), ജീതു അദക്, സൂരജ് (ഇരുവരും 25 വയസ്), സയ്ദ് ഫൈറോസ് (33), നദീം പാഷ (32), സന്ദീപ് (25) എന്നിവരും പിടിയിലാണ്.
അശോകയും ഗൗഡയും ഒഴികെയുള്ളവര്‍ പോലീസ് വേഷം കെട്ടി എത്തിയവരാണ്. നവംബര്‍ 15നാണ് ആറംഗ സംഘം തിഗലര്‍പേട്ടിലെ സ്വര്‍ണ്ണ പണിക്കാരന്റെ കട റെയ്ഡ് ചെയ്ത് സ്വര്‍ണ്ണം കവര്‍ന്നത്. കട പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്നും വ്യാപാര ലൈസന്‍സ് കാണിക്കണമെന്നും പറഞ്ഞാണ് സംഘം ഷോപ്പിലെത്തിയത്. തുടര്‍ന്ന് സ്വര്‍ണ്ണം കവര്‍ന്ന് രക്ഷപെടുകയായിരുന്നു. 825 ഗ്രാം സ്വര്‍ണ്ണമാണ് സംഘം കവര്‍ന്നത്. കടയുടമ അന്ന് തന്നെ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.