കോട്ടയം : ലോക്ക്ഡൗണില്‍ വീട്ടില്‍ത്തന്നെ ഇരുന്നു മടുത്ത ജനങ്ങളുടെ ജനങ്ങളുടെ ബോറടി മാറ്റാന്‍ സഞ്ചരിക്കുന്ന ഗാനമേള ഒരുക്കി ജനമൈത്രി പോലീസ്. ഗാനമേള എന്നുകേട്ടതോടെ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി. ആളുകളെ നിയന്ത്രിച്ച് വീണ്ടും വീടുകളില്‍ കയറ്റിയ ശേഷമാണ് ഗാനമേള നടത്താനായത്.
മുണ്ടക്കയം മേഖലയിലാണ് ജനങ്ങളുടെ ബോറടി മാറ്റാന്‍ പുതിയ ആശയവുമായി ജനമൈത്രി പോലീസ് രംഗത്തെത്തിയത്. പൊതു ജനങ്ങള്‍ക്ക് വീട്ടില്‍ ഇരുന്ന് കേള്‍ക്കാന്‍ സഞ്ചരിക്കുന്ന ലോറിയിലാണ് ഗാനമേള ഒരുക്കിയത്. പുലിക്കുന്നിലുള്ള ജനവാസ മേഖലയില്‍ ഗാനമേള വണ്ടി വന്നതോടെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഗാനമേള കേക്കാന്‍ പുറത്തിറങ്ങി.
ഇതോടെ ആളുകള്‍ കൂട്ടം കൂടിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ലോക്ഡൗണിനൊപ്പം നിരോധനാജ്ഞയും നിലവിലുള്ളപ്പോള്‍ നിയമങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയത് ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റുകള്‍. ഇതോടെ മേലധികാരികളും പ്രശ്നത്തില്‍ ഇടപെട്ടു. ഒടുവില്‍ സന്തോഷിപ്പിക്കാന്‍ എത്തിയ പോലീസുകാര്‍ക്ക് ജനങ്ങളെ തിരികെ വീട്ടില്‍ കയറ്റാന്‍ ഭീഷണി വരെ ഉപയോഗിക്കേണ്ടി വന്നു. വീടുകള്‍ക്ക് ഉള്ളില്‍ ഇരുന്നു ഗാനമേള കേട്ടാല്‍ മതി എന്ന കര്‍ശന നിര്‍ദേശവും നല്‍കി. ആളുകള്‍ കൂട്ടം കൂടിയാല്‍ ഗാനമേള നിര്‍ത്തും എന്നും മുന്നറിയിപ്പു നല്‍കി.