കിളിമാനൂര്‍ : പോലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്ന് കാല്‍നടയായി വീട്ടില്‍ എത്തിയ നഗരൂര്‍ കടവിള കൊടിവിള വീട്ടില്‍ സുനില്‍കുമാര്‍ (57)കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.30-ന് നഗരൂര്‍ ആല്‍ത്തറമൂട്ടില്‍ പഴക്കടയില്‍ നിന്നും പഴം വാങ്ങുന്നതിനിടെ കൈവശം സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരില്‍ ഇയാള്‍ക്ക് പോലീസ് 500 രൂപ പിഴയിട്ടു.
എന്നാല്‍ അടയ്ക്കാന്‍ പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വാഹനം പിടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കാല്‍നടയായി വീട്ടില്‍ എത്തിയ സുനില്‍ കുമാര്‍ ഒന്‍പതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഹൃദയസംബന്ധമായ അസുഖത്താല്‍ ചികിത്സ തേടി വരുന്ന സുനില്‍ കുമാര്‍ നഗരൂരിലെ മരുന്നു കടയില്‍ നിന്നും മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് പോലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തതെന്ന് സുഹൃത്തുക്കള്‍ പരാതിപ്പെട്ടു. മകന്‍: സിദ്ധാര്‍ഥ്.