ബാംഗ്ലൂർ : മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുൻ ഭാര്യയുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ. കൽബുർഗി പോലീസ് ഇന്‍റേണൽ സെക്യൂരിറ്റി ഡിവിഷനിലെ സൂപ്രണ്ടായ അരുൺ രംഗരാജനാണ് ഭാര്യയുടെ വീടിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്. ബംഗളുരുവിലെ വസന്ത് നഗറിലാണ് സംഭവം. അരുൺ രംഗരാജയുടെ മുൻ ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയാണ്.
ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മക്കളെ കാണാൻ അരുണിനെ ഭാര്യ അനുവദിച്ചില്ല. ഇതോടെയാണ് ഇയാൾ വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഛത്തീസ്ഗഡിൽ ജോലി ചെയ്യുമ്പോഴായിരുന്നു തങ്ങൾ വിവാഹിതരായതെന്ന് അരുൺ പറഞ്ഞു. പിന്നീട് ഭാര്യ കർണ്ണാടകയിലേക്ക് മാറണമെന്ന് പറയുകയായിരുന്നുവെന്നും ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അരുൺ പറഞ്ഞു.
വിവാഹ മോചനത്തിന് യുവതിയാണ് അപേക്ഷ നൽകിയത്. എന്നാൽ ഇതിന്റെ നടപടികൾ നടന്നുകൊണ്ടിരിക്കെ ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ സമയത്താണ് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. പക്ഷേ ഇവരുടെ ബന്ധം വീണ്ടും വഷളാവുകയും വേർപിരിയുകയും ചെയ്തു. രണ്ടാമതും വേർപിരിഞ്ഞതോടെയാണ് തന്നെ മക്കളെ കാണാൻ അനുവദിക്കാത്തതെന്നാണ് അരുൺ പറഞ്ഞത്. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ നിരവധി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും മക്കളെ കാണാൻ അനുവദിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അരുൺ രംഗരാജൻ പറയുകയായിരുന്നു.