തിരുവനന്തപുരം : ഉന്നത ഉദ്യോഗസ്ഥരടക്കം സൂക്ഷ്മത പുലര്‍ത്തണമെന്ന് പോലീസുകാരുടെ യോഗത്തില്‍ മുഖ്യമന്ത്രി. അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ പരിശോധനകളിലെ ആക്ഷേപങ്ങളും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ഉന്നത ഉദ്യോഗസ്ഥരടക്കം ആരോപണം നേരിടുന്ന വിവാദങ്ങള്‍ക്കിടെയാണ് യോഗം. എസ്.എച്ച്.ഓ. മാര്‍ മുതല്‍ ഡിജിപി വരെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
വിവിധ കേസുകളിലും സംഭവങ്ങളിലും പോലീസിന്റെ ഇടപെടലുകളും നിലപാടുകളും സേനയെ കളങ്കുപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. ഈ കാരണങ്ങളാലാണ് പരിപടികളില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണം വരുത്തുന്നത്. പോലീസിന്റെ നടപടികളെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു, താക്കീതും നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ പുതിയ ഡിജിപി ചാര്‍ജ്ജെടുത്ത ശേഷം ആദ്യമായാണ് പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി ഉള്‍പ്പെടുന്ന വിപുലമായ ഒരു യോഗം നടക്കുന്നത്. നേരത്തെ ഓണ്‍ലൈന്‍ വഴി യോഗം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ താന്‍ നേരിട്ട് ഉദ്യോഗസ്ഥരെ കണ്ടു സംസാരിക്കുമെന്ന നിലപാടില്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുക്കുകയായിരുന്നു.
ലോക് ഡൗണ്‍ കാലത്തെ പോലീസിനെക്കുറിച്ചുള്ള ആക്ഷേപങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡന പരാതികളില്‍ കര്‍ശന നടപടിയെടുക്കണം. ഇത്തരം കേസുകള്‍ ഡിഐജിമാര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ മോശപ്പെട്ട പ്രവര്‍ത്തനത്തില്‍ ചെന്ന് വീഴരുത്. മുകളില്‍ എല്ലാം അറിയുന്നുണ്ടെന്ന ധാരണ വേണം. പോലീസുകാര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.
പരാതികള്‍ക്ക് രസീത് നല്‍കണം. പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തണം. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. യോഗം തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ് പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ സി ഐ യെ സ്ഥലം മാറ്റിയത്. ഇതും ചര്‍ച്ചയുടെ ഗൗരവം കൂട്ടുന്നു. യോഗം നടന്നു കൊണ്ടിരിക്കുകയാണ്.