കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കവാടത്തിനുമുന്നിൽ പ്രധാനമന്ത്രിയെ വികൃതമാക്കി ചിത്രീകരിച്ച് എസ്എഫ്‌ഐയുടെ ഫ്ളക്സ്. ശനിയാഴ്ച രാവിലെയാണ് ഫ്ളക്സ് കണ്ടത്. സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു. കേന്ദ്ര ഏജൻസിയും സംഭവം അന്വേഷിക്കുന്നുണ്ട്. അടുത്തദിവസം ആരംഭിക്കുന്ന യൂണിയൻ കലോത്സവത്തിന്റെ ഭാഗമായാണ് ഫ്ലെക്സ് സ്ഥാപിച്ചത്. സംഭവം വിവാദമാകുകയും ബിജെപി പ്രതിഷേധിക്കുകയും ചെയ്തതോടെ ഫ്ളക്സ് അപ്രത്യക്ഷമായി. എന്നാൽ ബിജെപി വൈകീട്ട് കാമ്പസിനുമുന്നിലേക്ക് പ്രകടനം നടത്തി. കവാടത്തിനുമുന്നിൽ പ്രതിഷേധം നടക്കുമ്പോൾ ഒരു ഇരുചക്രവാഹനം ഇടയിലൂടെ കടന്നുപോകാൻ ശ്രമിച്ചത് ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചു.
ഇതു ചോദ്യം ചെയ്തപ്പോൾ കാമ്പസിനുള്ളിൽ നിന്നും എസ്എഫ്‌ഐ പ്രവർത്തകരും എത്തി. തുടർന്ന് ശക്തമായ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതോടെ പോലീസ് ഇടപെട്ടു. പിന്നീട് ബിജെപി പ്രവർത്തകർ തങ്ങളെ മർദിച്ചെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കുന്ന ഫ്ലക്സ് സമൂഹത്തിൽ മതസ്പർദയുണ്ടാക്കുന്നതാണെന്ന് ബിജെപി ആരോപിച്ചു. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാത്ത സർവകലാശാലാ അധികൃതരുടെ നിലപാടിനെയും ബിജെപി വിമർശിച്ചു. സർവകലാശാലയിലേക്ക് നടത്തിയ ബിജെപി പ്രകടനം ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷീജാസതീഷ് അധ്യക്ഷയായി. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ബിജെപി പ്രവർത്തകരുടെ പേരിലും പോലീസ് കേസെടുത്തു.