പത്തനാപുരം : പത്തനാപുരം പാടത്ത് കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി നേതാവ് എം.ടി.രമേശിനെ തടയാന്‍ പോലീസ് ശ്രമം. അന്വേഷണം നടക്കുന്നതിനാല്‍ പ്രദേശത്ത് ആരും കൂട്ടംകൂടാന്‍ പാടില്ല എന്ന ന്യായം പറഞ്ഞാണ് സി.ഐ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം എം.ടി.രമേശിനെയും ബി.ജെ.പി നേതാക്കളേയും തടയാന്‍ ശ്രമിച്ചത്. എം.ടി.രമേശ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് പോലീസ് തടയാന്‍ ശ്രമിച്ചത്.
ഇതിനിടയില്‍ ബി.ജെ.പി പ്രവവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ എം.ടി.രമേശ് സംഭവത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുമായി സര്‍ക്കാരിനുള്ള സൗഹൃദമാണ് ഇതിന് കാരണമെന്നും അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സഹകരിക്കാത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാന പോലീസിന്റെയും ഇന്റലിജന്‍സ് സംവിധാനത്തിന്റെയും വീഴ്ചയാണ്. സ്ഥലം എം.എല്‍.എ പോലും ഇതേവരെ പ്രശ്‌നത്തില്‍ പ്രതികരിക്കാത്ത കാര്യവും എം.ടി.രമേശ് ചൂണ്ടിക്കാട്ടി. അതേ സമയം ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നീക്കം നടത്തുന്നതായിട്ടാണ് സൂചന.