ആറന്മുള: കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളായിരിക്കും പോലീസ് ആദ്യം പരിശോധിക്കുക. പണമിടപാടുകള്‍ നടന്നത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് എന്നാണ് റിപ്പോര്‍ട്ട്. പ്രതികളുടെ മൊഴിയെടുക്കുന്നതിനായി ഇന്ന് നോട്ടീസ് നല്‍കിയേക്കും.
കഴിഞ്ഞ ദിവസം പരാതിക്കാരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കുകയാണ്. പരാതിക്കാരന്റെയും ആരോപണ വിധേയരായ കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണ്‍ വി.പിള്ള, ന്യൂ ഭാരത് ടെക്നോളജി ഉടമ വിജയന്‍ എന്നിവരുടെ ബാങ്ക് രേഖകളും വരും ദിവസങ്ങളില്‍ പരിശോധിക്കും. പ്രതി ചേര്‍ത്തിരിക്കുന്ന ആരെയും പോലീസ് ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല.
അതേസമയം കേസില്‍ ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ബിജെപി നടത്തിയെങ്കിലും പണം തിരികെ കിട്ടാതെ കേസില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് പരാതിക്കാരനനായ ഹരികൃഷ്ണന്‍. സംഭവം വിവാദമായതോടെ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം ആറന്മുളയിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.