തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപന്റെ മരണത്തിൽ അന്വേഷണം തുടരാൻ പോലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനുശേഷം ആയിരിക്കും പോലീസ് തുടർനടപടികൾ സ്വീകരിക്കുക. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത ഇല്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ ഇത് ഉറപ്പിക്കാൻ കഴിയൂ എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. കുടുംബത്തിന്റെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ വീണ്ടും മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു.
ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കാൻ പൊളിച്ചു മാറ്റിയ കല്ലറയ്ക്ക് പകരം വിശാലമായ കല്ലറയാണ് ഒരുക്കിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം നാമജപയാത്രയായി സംസ്കരിക്കുന്ന സ്ഥലത്തേക്കെത്തിച്ചു. പൂർണമായ ഹൈന്ദവാചാര പ്രകാരമുള്ള സമാധിയായിട്ടായിരുന്നു സംസ്കാരം നടന്നത്.