പത്തനംതിട്ട : മുപ്പതു വർഷത്തോളമായി ഹോട്ടലുകളിൽ വെള്ളം കോരിക്കൊടുത്താണ് സതീഷ് ജീവിതമാർഗം കണ്ടെത്തിയത്. ഇനി ഈ അമ്പത്തേഴുകാരന് അതിന്റെ ആവശ്യമില്ല. പൂഞ്ഞാർ സ്വദേശിയായ കൈപാലപള്ളിൽ സതീഷ് റാന്നിയിലെത്തിയതുമുതൽ ഹോട്ടലുകളിൽ വെള്ളം കോരിക്കൊടുത്താണ് ഉപജീവനമാർഗം കണ്ടെത്തിവന്നത്. പണികഴിഞ്ഞ് ഏതെങ്കിലും കടത്തിണ്ണയിൽ അന്തിയുറങ്ങുകയായിരുന്നു പതിവ്. റാന്നിക്കാർക്ക് ചിരപരിചിതനാണ് ഇയാൾ. ഒരു മാസത്തോളമായി ചില മാനസിക പ്രശ്നങ്ങൾ കാരണം അസ്വസ്ഥനായിരുന്നു സതീഷ്. ഇയാളുടെ പ്രയാസമറിഞ്ഞ റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷ്, വിവരം അന്വേഷിക്കാൻ ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധീഷിനെ ചുമതലപ്പെടുത്തി.
സതീഷ് ആരുമില്ലാത്ത അവസ്ഥയിലാണെന്നും കടത്തിണ്ണയിലാണ് ഉറക്കമെന്നും അറിയാൻ കഴിഞ്ഞു. ബന്ധുക്കൾ പൂഞ്ഞാർ എവിടെയോ ആണെന്നും മാനസികബുദ്ധിമുട്ട് അനുഭവിക്കുന്നതായും മനസ്സിലായി. തുടർന്ന് ഇയാളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. പോലീസ്, റാന്നി മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറുമായി ബന്ധപ്പെടുകയും സഹായം ഉറപ്പാക്കുകയും ചെയ്തു. കെയർ സെന്റർ വൈസ് പ്രസിഡന്റ് ഫാദർ ബിജു എ എസ്സും നാട്ടുകാരും ചേർന്ന് റാന്നി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ എടത്വ ആനപ്രമലയിലെ ജെ എം എം ജൂബിലി മന്ദിരത്തിന്റെ അഗതികേന്ദ്രത്തിൽ സതീഷിനെ എത്തിക്കുകയും ചെയ്തു.