‘അപ്പോ പോലീസിനെ കാണുമ്പോള്‍ ഹെല്‍മെറ്റ് വെക്കാത്തവര്‍ വണ്ടി ഓഫ് ആക്കിയാല്‍ മതിയോ സാറേ.. പറ്റില്ലല്ലേ..’ പോലീസിന്റെ പരസ്യത്തില്‍ ഉണ്ണിമുകുന്ദന് ഹെല്‍മെറ്റില്ല. പോലീസിന്റെ ഉത്തരം മുട്ടിച്ച് സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ് കേരള പോലീസ്. വളരെ രസകരമായ പോസ്റ്റുകളും കമന്റുകളുമായി എത്തുന്നവര്‍ക്ക് രസകരമായ മറുപടികളും നല്‍കി സജീവമാണ് ഇവര്‍. പോലീസിനെ ട്രോളാനായി പേജില്‍ എത്തുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒരു പോസ്റ്റിന് താഴെ പോലീസ് നല്‍കിയ മറുപടിയും അതിന് ലഭിച്ച കമന്റുമാണ് ട്രോളാകുന്നത്.
കേരള പോലീസിലെ മികച്ച ബോഡി ബില്‍ഡറെ തെരഞ്ഞെടുക്കുന്നതിനുള്ള ശരീര സൗന്ദര്യ മല്‍സരത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പോലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്നത് നടന്‍ ഉണ്ണി മുകുന്ദനാണ്. ഹെല്‍മെറ്റില്ലാതെ ബൈക്കിലിരിക്കുന്ന ഉണ്ണിയുടെ ചിത്രമാണ് പോലീസുകാര്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് ഒരാല്‍ ചോദിച്ച ചോദ്യമാണ് വൈറലായത്.
‘സാറെ, നിങ്ങളുടെ പരസ്യത്തില്‍ ഉണ്ണി മുകുന്ദന്റെ ഹെല്‍മെറ്റ് എവിടെ?’ എന്നായിരുന്നു ചോദ്യം. ‘അദ്ദേഹം വണ്ടി ഓഫാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ്.’ എന്നായിരുന്നു പോലീസ് നല്‍കിയ മറുപടി. തൊട്ടുപിന്നാലെ അടുത്ത കമന്റ് എത്തി. ‘അപ്പോ പോലീസിനെ കാണുമ്പോള്‍ ഹെല്‍മെറ്റ് വെക്കാത്തവര്‍ വണ്ടി ഓഫ് ആക്കിയാല്‍ മതിയോ സാറേ.. പറ്റില്ലല്ലേ..’ എന്നായിരുന്നു കമന്റ്.
എന്നാല്‍ ഇതിന് പോലീസ് മറുപടി കൊടുത്തിട്ടില്ല. ഇതോടെ കമന്റിന് ലൈക്കുകളും ഏറുകയാണ്. ചര്‍ച്ച സജീവമായതോടെ പോസ്റ്റിന്റെ തലവാചകത്തില്‍ ‘ഇരു ചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കേണ്ടതാണ്’ എന്ന് പോലീസുകാര്‍ പിന്നീട് എഴുതിച്ചേര്‍ത്തിട്ടുണ്ട്.