തിരുവനന്തപുരം : ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തിൽ തെരുവിലിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയ നിർദേശത്തിലാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയോടും സംഘടനയോടും മൃദുസമീപനം വേണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കണമെന്നുമാണ് നിർദേശം. ജില്ലാ പോലീസ് മേധാവികൾ വയർലെസ് വഴി എല്ലാ സ്റ്റേഷനിലേക്കും ഈ നിർദേശം കൈമാറിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തിരുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രക്ഷോഭപരിപാടികളിൽ കേസൊന്നുമുണ്ടായില്ല. ഈ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിർദേശവുമായി ഡി.ജി.പി രംഗത്തെത്തിയിരിക്കുന്നത്.
ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേർന്ന് തടസ്സമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവർക്കെതിരെ പോലീസ് കേസെടുക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ഇത് പ്രാവർത്തികമാക്കിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾക്ക് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുമ്പോഴാണ് ഡി.ജി.പിയുടെ നിർദേശം. ഇത് പിണറായിയുടെ അറിവോടെയാണോ എന്ന് വ്യക്തമല്ല.