മുംബൈ : ന്യൂസിലൻഡിനെതിരായ ട്വന്റി–20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നിലനിർത്താനായില്ല. പതിനാറംഗ ടീമിൽ വിശ്രമത്തിലായിരുന്ന രോഹിത് ശർമയും മുഹമ്മദ് ഷമിയും തിരിച്ചെത്തി. ഹാർദിക് പാണ്ഡ്യയെ പരിഗണിച്ചില്ല.
വൈസ് ക്യാപ്‌റ്റൻ രോഹിത് തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന്റെ സ്ഥാനം തെറിച്ചത്. ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് പരമ്പരകളിൽ ടീമിലുണ്ടായിരുന്ന സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ശ്രീലങ്കയ്‌ക്കെതിരെ അവസാനമത്സരത്തിൽ കളിപ്പിച്ചു. രണ്ട് പന്തിൽ ആറ് റണ്ണായിരുന്നു സമ്പാദ്യം. നിലവിൽ ന്യൂസിലൻഡ് പര്യടനത്തിലുള്ള ഇന്ത്യൻ എ ടീമിലംഗമാണ് സഞ്ജു. ജനുവരി 24നാണ് അഞ്ച് മത്സര പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. ടെസ്റ്റ്, ഏകദിന ടീമുകളെ പിന്നീട് പ്രഖ്യാപിക്കും.
ടീം: വിരാട് കോഹ്‌ലി, രോഹിത് ശർമ, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കുൽദീപ് യാദവ്, യുശ്‌വേന്ദ്ര ചഹാൽ, മനീഷ് പാണ്ഡെ, ശിവം ദുബെ, ജസ്‌പ്രീത് ബുമ്ര, ശർദുൾ താക്കൂർ, നവ്‌ദീപ് സെയ്‌നി, വാഷിങ്‌ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.