തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിന് ശേഷം കീഴടങ്ങി. വലിയമല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന എസ്.എസ് അനൂപ് ആണ് വിതുര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പാലോട് കള്ളിപ്പാറ സ്വദേശിയാണ് 40കാരനായ അനൂപ്. പീഡന പരാതിയിൽ ജനുവരിയിലാണ് അനൂപിനെതിരെ കേസെടുത്തത്. തുടർന്ന് അനൂപിനെ സസ്പെന്റ് ചെയ്തു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേ കോടതി നിർദേശ പ്രകാരമാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത്. പെൺകുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് നാല് വർഷം മുമ്പ് പെൺകുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകാൻ എത്തിയിരുന്നു. അന്ന് അനൂപ് വിതുര സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഇയാൾ പെൺകുട്ടിയുടെ അമ്മയുമായി സൌഹൃദം സ്ഥാപിക്കുകയും ഇവരുടെ വീട്ടിൽ നിത്യ സന്ദർശകനുമായി. ഇതിനിടെയാണ് പെൺകുട്ടിക്ക് നേരെ പീഡന ശ്രമം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. പോലീസുകാരനെതിരെയാണ് പരാതി നൽകിയത് എന്നതിനാൽ ഒത്തുതീർപ്പുകള്‍ക്ക് പലരീതി ശ്രമം നടന്നിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.