കോഴിക്കോട് : സംസ്ഥാന നിയമസഭയിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഭൂരിപക്ഷം ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ 30 എ ബൂത്തില്‍ യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്‌തു. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ ബൂത്തിലാണ് തകരാറുണ്ടായത്.
ഷൊര്‍ണൂരിലെ ബൂത്തിലും യന്ത്രതകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഷൊര്‍ണ്ണൂര്‍ കൈലിയാട് സ്കൂളിലെ ബൂത്തില്‍ ആണ് തകരാര്‍. തൃത്താലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന് ഇവിടെയാണ് വോട്ട്. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി സ്‌കൂളില്‍ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനിലും യന്ത്രത്തകരാറുണ്ടായി. ഇവിടെ തകരാര്‍ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചിട്ടുണ്ട്.
മോക് പോളിംഗിനിടെ നാലിടത്താണ് വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളിലെ 107ആം നമ്പര്‍ ബൂത്ത്, കാസര്‍കോട് കോളിയടുക്കം ഗവ യു പി സ്‌കൂളിലെ 33ആം നമ്പര്‍ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സി കെ എം എല്‍ എല്‍ പി സ്‌കൂളില്‍ 95ആം ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്.
തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ വൈദ്യുതി തടസം മൂലം മോക് പോളിംഗ് വൈകി. നിയമസഭയിലേക്കുളള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുളള ജനവിധിയാണിത്.
കൊവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 957 സ്ഥാനാര്‍ത്ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. വൈകുന്നേരം ഏഴ് മണിവരെയാണ് വോട്ടെടുപ്പ്.