കട്ടപ്പന:പോളിംഗിന് പിന്നാലെ ഇടുക്കി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും തുടങ്ങി. കട്ടപ്പന നഗരസഭയിൽ ഐ ഗ്രൂപ്പ് ഏകപക്ഷീയമായി ഇടപെടുന്നുവെന്നാരോപിച്ചാണ് എ ഗ്രൂപ്പ് കാരനായ വൈസ് ചെയർമാൻ ജോയ് വെട്ടിക്കുഴിയുടെ രാജി. കൗൺസിലർമാരോട് കൂടിയാലോചിക്കാതെയാണ് രാജിയെന്നാരോപിച്ച് ഐ ഗ്രൂപ്പും രംഗത്തെത്തി.
ഗ്രൂപ്പ് പോരിൽ തുടക്കം മുതൽ കലുഷിതമായ കട്ടപ്പന നഗരസഭയിലെ ഭരണം ഒടുവിൽ പൊട്ടിത്തെറിയിൽ. ഐ ഗ്രൂപ്പ് കാരിയായ ചെയർപേഴ്സണ് ബീന ജോബി ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെച്ചൊല്ലിയായിരുന്നു ഏറ്റവും ഒടുവിലെ തർക്കം. സിപിഎം, ബിജെപി നോമിനികളെ അംഗീകരിച്ച ബീന ജോബി എ ഗ്രൂപ്പിനെ പാടെ വെട്ടി. ഇതും കൂടി ആയതോടെയാണ് വൈസ് ചെയർമാൻ ജോയ് വെട്ടിക്കുഴി രാജി വെച്ചത്.
എന്നാൽ കൗൺസിലർമാരെ അറിയിക്കാതെയുള്ള രാജി ആയുധമാക്കുകയാണ് ഐ ഗ്രൂപ്പ്. അതേസമയം ഡിസിസി നേതൃത്വത്തെ അറിയിച്ചാണ് തന്റെ രാജിയെന്നാണ് ജോയ് വെട്ടിക്കുഴിയുടെ മറുപടി. വലിയ ഭൂരിപക്ഷത്തിൽ കട്ടപ്പന നഗരസഭ പിടിച്ച യുഡിഎഫിന് കോണ്ഗ്രസിലെ ഗ്രൂപ്പ് പോര് വരുംദിവസങ്ങളിൽ തലവേദനയാകുമെന്നുറപ്പ്.