പോണ്ടിച്ചേരി : ഫീസ് വർധനക്കെതിരെ സമരം നടത്തുന്ന പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥികളെ പോലീസ് അറസ്‌റ്റുചെയ്‌തു. എസ്‌എഫ്‌ഐയുടെയും സ്‌റ്റുഡന്റ്‌സ് കൗൺസിലിന്റെയും നേതൃത്വത്തിൽ നടക്കുന്ന സമരം ഇരുപത് ദിവസം പിന്നിടുമ്പോഴാണ് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് പരിചയ് യാദവ് അടക്കമുള്ള എസ്‌എഫ്‌ഐ പ്രവർത്തകരെ പോലീസ് അറസ്‌റ്റു ചെയ്‌തത്.
ഇന്നലെ രാത്രി മുതൽ സമരം നടത്തുന്ന വിദ്യാർഥികളെ പോലീസും സിആർപിഎഫും തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു. വെള്ളവും ഭക്ഷണവും പ്രാഥമികാവശ്യങ്ങളും നിഷേധിക്കപ്പെട്ടാണ് ഇന്ന് സമരം തുടങ്ങിയത്. ഫീസ് വർദ്ധനവ് പിൻവലിക്കുക, ബസ് ഫീസ് പിൻവലിക്കുക, പുതുച്ചേരി വിദ്യാർത്ഥികൾക്ക് റിസർവേഷൻ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം ചെയ്യുന്നത്.
അന്യായമായി ഉയർത്തിയ ഫീസ് കുറക്കുക, സർവ്വകലാശാല ഹോസ്റ്റലിലെ ദളിത് വിഭാഗത്തിൽപെടുന്ന വിദ്യാർഥികളെ ഒഴിവാക്കുന്ന നടപടി പിൻവലിക്കുക, പോണ്ടിച്ചേരിയിൽ കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള വിദ്യാർഥികൾക്ക് എല്ലാ വിഭാഗങ്ങളിലും 25 ശതമാനം സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ കൗൺസിൽ വൈസ് പ്രസിഡന്റായ ഷോണിമ നീലിയാട്ട് നിരാഹാര സമരമിരിന്നിരുന്നു. തുടർന്നാണ് ഫീസ് വർധനവിനെ കുറിച്ച് പഠിക്കാനായി സർവകലാശാല ഗ്രീവൻസ് കമ്മിറ്റി രൂപികരിച്ചത്.
എന്നാൽ ഫീസ് വർധനവിന് അനുകൂലമായ നിലപാടാണ് ഗ്രീവൻസ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. സാധാരണ കുടുംബങ്ങളിൽ നിന്നുമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയാണ് ഫീസ് വർധന ഏറെ ബാധിക്കുന്നത്. വർധനവ് പിൻവലിക്കുംവരെ സമരം തുടരുമെന്ന് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് പരിചയ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥി യൂണിയനുമായി ചർച്ചയ്‌ക്ക് പോലും തയ്യാറാവാത്ത അഡ്‌മിനിസ്ട്രേഷന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും വരും ദിവസങ്ങളിൽ ക്യാമ്പസിലെ മുഴുവൻ വിദ്യാർഥികളെയും അണിനിരത്തി സമരം ശക്തമാക്കുമെന്നും എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് സി പി ഉവൈസ് പറഞ്ഞു.
ഗ്രിവൻസ് കമ്മിറ്റിയുടെ ഒരു യോഗത്തിൽ പോലും പങ്കെടുക്കാൻ വൈസ് ചാൻസിലർ കൂട്ടാക്കിയില്ല. ഇതോടെയാണ് കൗൺസിൽ വീണ്ടും സമരവുമായി രംഗത്തെത്തിയത്. എംബിഎ, എംഎസ്‌സി, എംഎ അടക്കമുള്ള കോഴ്സുകളിൽ 225 ശതമാനത്തിലധികം ഫീസാണ് സർവകലാശാല വർധിപ്പിച്ചത്. കൂടാതെ പോണ്ടിച്ചേരിയിൽ താമസിക്കുന്ന വിദ്യാർഥികളിൽ നിന്നും മാസം 4000 രൂപ യാത്രഫീസായിട്ടും ഈടാക്കുമെന്ന് സർവകലാശാല ഉത്തരവിറക്കിയിരുന്നു. എംസിഎ വിഭാഗത്തിലാണ് ഏറ്റവുമധികം ഫീസ് വർധനവുണ്ടായിട്ടുള്ളത്.
എംസിഎയിൽ 225 ശതമാനം ഫീസ് ഉയർത്തിയപ്പോൾ എംഎസ്സി/ എംടെക് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ 182 ശതമാനം വർധിപ്പിച്ചു. എംബിഎ വിഭാഗത്തിൽ ഒരു മുന്നറിയിപ്പും കൂടാതെ 125 ശതമാനമാണ് ഫീസ് ഉയർത്തിയത്. ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സ്റ്റുഡന്റ്‌സ് കൗൺസിലിന്റെ നിലപാട്. പൗരത്വഭേദഗതി നിയമത്തിനെതിരെയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് കൗൺസിൽ നിരന്തരമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, എപിഎസ്‌എഫ് എന്നിവരടങ്ങിയ സഖ്യമാണ് പോണ്ടിച്ചേരി സർവകലാശാല യൂണിയൻ ഭരിക്കുന്നത്.