ചാറ്റൽ മഴ, മൂടൽ മഞ്ഞും പുതഞ്ഞ് നിൽക്കുന്ന മലമേട്, യാത്രാപ്രേമികളെ സന്തോഷിപ്പിക്കാൻ ഇതിൽക്കൂടുതൽ എന്ത് വേണം അല്ലേ? എന്നാൽ ഇനി അധികം കാത്തിരിക്കേണ്ട, നേരെ പിടിക്കാം വണ്ടി പൊൻമുടിയിലേക്ക്, അതും നമ്മുടെ സ്വന്തം ആനവണ്ടിയിൽ തന്നെ. കെഎസ്ആർടിസിയുടെ കൊല്ലം ബജറ്റ് ടൂറിസം സെല്ലാണ് പൊൻമുടി പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ ചെലവ് കുറഞ്ഞ പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാം. തിരുവനന്തപുരത്ത് നിന്ന് 60 കിമി താണ്ടണം പൊൻമുടിയിൽ എത്താൻ. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലാണ് പൊൻമുടി സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞും തണുപ്പും തേയില തോട്ടങ്ങളും മലനിരകളും എല്ലാമായി ഏതൊരു വിനോദസഞ്ചാരിയേയും സന്തോഷിപ്പിക്കാനുള്ളതെല്ലാം പൊൻമുടിയിൽ ഉണ്ട്. വിനോദ സഞ്ചാര കേന്ദ്രം എന്നതിനപ്പുറം പ്രാദേശികമായി പല വിശ്വാസങ്ങളുടേയും കേന്ദ്രം കൂടിയാണ് കേട്ടോ ഈ പൊൻമുടി. ഇവിടുത്തെ ഗോത്രവിഭാഗക്കാരായ കാണി വിഭാഗത്തിലുള്ളവരുടെ വിശ്വാസം അനുസരിച്ച് മലദൈവങ്ങൾ പൊന്ന് കാക്കുന്ന ഇടമാണത്രേ ഇത്.
അതേസമയം ബുദ്ധ-ജൈന സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം എന്നാണ് ചരിത്രകാരൻമാർ പറയുന്നത്. എന്ത് തന്നെയായാലും ഹെയർപിൻ റോഡുകളും കയറ്റിറക്കങ്ങളും കൊക്കയുമൊക്കെ താണ്ടി ഇവിടെ എത്തുന്ന ഓരോരുത്തരേയും പൊൻമുടി ആവേശം കൊള്ളിക്കുമെന്ന കാര്യം തീർച്ച. 22 ഹെയർപിൻ വളവുകൾ കയറി വേണം പൊൻമുടിയിൽ എത്താൻ. നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞിറങ്ങുന്ന ഇവിടുത്തെ മലയിടുക്കുകൾ ഏവരേയും വിസ്മയിപ്പിക്കുമെന്ന് തീർച്ച. കല്ലാറിന്റെ തീരം ചേർന്നുള്ള കാനനപ്പാതയിലൂടെ ട്രക്കിംഗ് നടത്തി വേണം മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ.ഏകദേശം 2 കിമിയാണ് ഇവിടെ നിന്ന് സഞ്ചരിക്കേണ്ടത്. നെയ്യാർ അണക്കെട്ടിനോട് ചേർന്നാണ് മീൻമുട്ടി സ്ഥിതി ചെയ്യുന്നത്. പൊൻമുടി സന്ദർക്കുന്നവർ തീർച്ചയായും പോകേണ്ട സ്ഥലങ്ങളിൽ ഒന്നാണ് പേപ്പാറ വന്യജീവി സങ്കേതം അപൂർവ്വ ഇനത്തിൽപ്പെട്ട ധാരാളം ജീവികളെ ഇവിടെ കാണാം.
നിത്യഹരിത വനങ്ങളും കുന്നുകളും താഴ്വരകളും ശുദ്ധജലതടാകങ്ങളുമായി സമ്പന്നമാണ് പേപ്പാറ. ഇനി യാത്രയെ കുറിച്ച് അറിയാം. ഒക്ടോബർ 1 ന് രാവിലെ ആറരയ്ക്കാാണ് കൊല്ലം ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കുക. കല്ലമ്പലത്ത് നിന്ന് പ്രഭാതഭക്ഷണം കഴിച്ച് ആദ്യം പേപ്പാറ ഡാം സന്ദർശിക്കും. കല്ലാർ-മീൻമുട്ടി കഴിഞ്ഞ് ഉച്ചഭക്ഷണവും കഴിച്ചാണ് പൊൻമുടിയിലേക്ക് കയറുക. രാത്രി 10 ഓടെയാണ് കൊല്ലത്ത് തിരിച്ച് എത്തുക. എൻട്രി ഫീസും യാത്ര ചെലവും ചേർത്ത് 770 രൂപയ്ക്കാണ് പാക്കേജ്. കൂടുതൽ വിവരങ്ങൾക്ക് 9747969768, 9496110124 എന്നീ നമ്പറിൽ ബന്ധപ്പെടാം.