പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഇടുക്കി മഞ്ചുമല സ്വദേശി സൂരജ് പി സുരേഷിനെയാണ് പിടികൂടിയത്. നാരായണനെയും സംഘത്തെയും ഗവിയില്‍ എത്തിച്ചത് ഇയാളാണ്. പൊന്നമ്പലമേട്ടില്‍ പൂജ നടക്കുന്ന സമയത്തും സൂരജ് മറ്റ് പ്രതികള്‍ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു. പ്രധാനപ്രതി തമിഴ്നാട് സ്വദേശി നാരായണനായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.
തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ഈ മാസം എട്ടിന് പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. ആറംഗ സംഘമാണ് പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ മകരജ്യോതി തെളിക്കുന്ന അതീവ സുരക്ഷാ മേഖലയില്‍ എത്തി പൂജ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പോലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ ആകില്ല. അതീവസുരക്ഷാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.