മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊന്നാനി അസംബ്ലി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിലെ സി.പി.എം – സി.പി.ഐ മുന്നണികള്‍ തമ്മില്‍ സീറ്റ് വിഭജനവുമായി നടത്തിയ മണ്ഡലംതല ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. പൊന്നാനി നഗരസഭ കൂടാതെ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് എന്നീ പഞ്ചായത്തുകളില്‍ സീറ്റുകള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്.
പൊന്നാനി നഗരസഭയിലെ സീറ്റുകളുടെ കാര്യത്തിലും മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലെ സീറ്റുകളുടെ കാര്യത്തിലും ധാരണയിലെത്താന്‍ കഴിയാതെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. നഗരസഭയില്‍ 12 സീറ്റുകള്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് വേണമെന്നാണ് സി.പി.ഐ ആവശ്യം.
കഴിഞ്ഞ തവണ എട്ട് സീറ്റില്‍ മത്സരിച്ച സി.പി.ഐ മൂന്ന് സീറ്റിലാണ് വിജയിച്ചത്. ഇതില്‍ വിജയിച്ച ഒരു കൗണ്‍സിലര്‍ പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.
അമിതമായ അവകാശവാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ആവശ്യങ്ങള്‍ യാഥാര്‍ഥ്യ ബോധ്യത്തോടുകൂടി ഉള്ളതാവണമെന്നുമാണ് സി.പി.എം നിലപാട്. കഴിഞ്ഞ തവണയും നഗരസഭതലത്തില്‍ ചില മേഖലയില്‍ തര്‍ക്കം പൂര്‍ണമായും പരിഹരിക്കാതെയാണ് ഇരുകൂട്ടരും മത്സരിച്ചത്.