പെരുമ്പെട്ടി : പൊന്തൻപുഴ സമര സമിതിയുടെ നാലാം വാർഷിക പരിപാടികൾക്ക് സമരസംഗമത്തോടെസമാപനം. പെരുമ്പെട്ടിയിലെ സമരപ്പന്തലയിൽ നടന്ന പൊതുയോഗം റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു.
പെരുമ്പെട്ടിയിലെ കർഷകരുടെ പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് എം എൽ എ ഉറപ്പുനൽകി. പത്തനംതിട്ട ജില്ലയിലെ പട്ടയവിഷയത്തിനു ഉചിതമായ പരിഹാരം കാണാൻ ജൂൺ മാസത്തിൽ പത്തനംതിട്ടയിൽ വെച്ച് വനം റവന്യു വകുപ്പുകളുടെ യോഗം ചേരാൻ മന്ത്രിതലത്തിൽ തീരുമാനം ആയിട്ടുണ്ടെന്നു എം എൽ എ പറഞ്ഞു.
സ്വതന്ത്ര കർഷക സമിതിയുടെ നിയമ കാര്യ മേധാവി അഡ്വ. ജോണി കെ ജോർജ് കർഷകരും വനം വകുപ്പും തമ്മിലുള്ള സംഘർഷങ്ങളെപ്പറ്റി പ്രഭാഷണം നടത്തി. ഇ എസ് എ മേഖല പ്രഖ്യാപിക്കുമ്പോൾ കർഷകരുടെ ഭൂമിയെ പൂർണമായി അതിന്റെ പരിധിയിനിന്ന് ഒഴിവാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ വി എൻ ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു.
കെ റെയിൽ സമര പ്രവർത്തക മിനി കെ ഫിലിപ്പ്, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, കൊറ്റനാട് പഞ്ചായത്തു പ്രസിഡണ്ട് പ്രകാശ് പി സാം, മണിമല പഞ്ചായത്ത് അംഗം പി ജി പ്രകാശ്, എം ബി രാജൻ, ഓ ജി ശാന്തമ്മ, ജോർജ്കുട്ടി മണിയംകുളം തുടങ്ങിയവർ പ്രസംഗിച്ചു. വലിയകാവ് ആലപ്ര വനത്തിന്റെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് വനത്തിനു പുറത്തുവസിക്കുന്ന 1212 കർഷകർക്ക് പട്ടയം ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് കൺവീനർ സന്തോഷ് പെരുമ്പെട്ടി പറഞ്ഞു.
ശ്രീമൂലം പ്രജാസഭയിൽ അംഗവും പെരുമ്പെട്ടി സ്വദേശിയുമായിരുന്ന കാവാരികുളം കണ്ഠൻ കുമാരന്റെ അഞ്ചാം തലമുറയിൽ പെട്ട അനാമികയും അവന്തികയും ചേർന്നു കണ്ഠൻ കുമാരന്റെ ജീവചരിത്രം എം എൽ എ ക്കു സമർപ്പിച്ചു. ചരിത്രപുരുഷനായ കണ്ഠൻ കുമാരൻ ജനിച്ച ഭൂമിക്കു ഇന്നും പട്ടയം ലഭിച്ചിട്ടില്ല.