പത്തനംതിട്ട : ആയിരത്തി മുന്നൂറിൽ പരം ദിവസങ്ങളായി കിടപ്പാടത്തിനു വേണ്ടി സമരം നടത്തുന്ന പൊന്തൻപുഴയിലെ വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന നാനൂറ്റി എഴുപത്തിമൂന്ന് സാധാരണ കുടുംബങ്ങൾക്ക് നീതി നടപ്പിലാക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഡി സി കെ സംസ്ഥാന പ്രസിഡൻ്റ് സലീം പി മാത്യു ആവശ്യപ്പെട്ടു. 1986 ൽ റാന്നി ഡിഫ്ഓ എഴുതിയ ഒരു കത്ത് ചൂണ്ടിക്കാട്ടി 1958ലെ സർവേയിൽ വനഭൂമിക്ക് പുറത്തു എന്ന് രേഖകളുള്ള സർവ്വേ നമ്പരുകളിലെ താമസക്കാരെ പുറത്താക്കുകയും വനമേലധികാരികളുടെ ചില സ്വന്തക്കാർക്ക് അത് പതിച്ച് നൽകാൻ ശ്രമിക്കുകയും ചെയ്യുന്ന നടപടി കിരാതവും ജനാധിപത്യ വിരുദ്ധവുമാണ് എന്ന് അദ്ദേഹം പറഞ്ഞു.
2019 ൽ റവന്യൂ വനം വകുപ്പുകൾ സംയുക്തമായി സർവ്വേ നടത്താൻ ഇട്ട ഉത്തരവ് പി.സി സിഎഫ് ബന്നിച്ചൻ തോമസിൻ്റെ വാക്കാൽ ഉത്തരവിൽ നിർത്തിവെച്ചത് പുനരാംരംഭിക്കണമെന്നും സലീം പി.മാത്യു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് സുബിൻ തോമസ് ആദ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമതി അംഗം സണ്ണി ചെറുകര ,ജില്ലാ വൈസ് പ്രസിഡന്റ് വെള്ളൂർ വിക്രമൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ജേക്കബ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സിജിമോൾ മാത്യൂ, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് മഠത്തിലേത്ത്, ബ്ലസി പീറ്റർ ,ചാക്കോ പോൾ, ശിവദാസ്, മാത്യു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു