തൃശൂര്‍ :പൂരപ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ പൂരപ്രദര്‍ശനം നിര്‍ത്തി. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലാക്കി. ഇതോടെ പൂരം പ്രദര്‍ശനം പൂരം കഴിയുന്നതു വരെ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ആനക്കാര്‍ക്കും മേളക്കാര്‍ക്കും സംഘാടകര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം വരുന്ന മുറയ്ക്കായിരിക്കും പാസ് വിതരണം.
വെടിക്കെട്ട് കാണാനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തീരുമാനിച്ചിരിക്കുന്നത്. പൊതു ജനത്തെ പൂര്‍ണമായും ഒഴിവാക്കും. പൂരവിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. ആഘോഷം വേണ്ട, ഇത്തവണ ചടങ്ങുകള്‍ മാത്രം മതിയെന്നാണ് ഘടകക്ഷേത്രങ്ങളുടെ തീരുമാനം. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.