വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ പൂരപ്പടയണി നാളെ (24), കെട്ടുകാഴ്‌ച തിങ്കളാഴ്ച

For full experience, Download our mobile application:
Get it on Google Play

വെട്ടൂർ: തപ്പുകൊട്ടി വിളിച്ചിറക്കി, ആയിരവില്ലൻ ക്ഷേത്രത്തിലെ ഉപദേവതയായ വലഞ്ചൂഴി ദേവിയുടെ മുൻപിൽ ഗണപതിയും മറുതയും കെട്ടിയാടി ഗ്രാമത്തെയാകെ വിളിച്ചുണർത്തി പൈതൃകഗ്രാമത്തിന്റെ പുതുതലമുറ. ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയിൽ നടന്ന പടയണിയിലാണ് കലാഗ്രാമത്തിലെ പുതുതലമുറ സ്വന്തം തട്ടകത്തിൽ അരങ്ങേറി തുള്ളിയുറഞ്ഞ് കളമൊഴിഞ്ഞത്. പച്ചപ്പാളയിൽ കരവിരുതിന്റെ വർണചാർത്തായ കാലനും കാഞ്ഞിരമാലയും ഭൈരവിയും പക്ഷിയും യക്ഷിയും മാടനും മറുതയും അണിനിരക്കുന്ന വെട്ടൂർ പൂരപ്പടയണി ഞായറാഴ്ച (24) രാത്രി 9ന് നടക്കും. കടമ്മനിട്ട ഗോത്രകലാകളരിയാണ് പൂരപ്പടയണി അവതരിപ്പിക്കുന്നത്. രാത്രി 7ന് ക്ഷേത്രത്തിന് പടിഞ്ഞാറ്‌ വെട്ടൂർ നെല്ലുവേലിൽ ഭാഗത്തുനിന്ന് ചൂട്ടുകറ്റയുടെയും തീവെട്ടിയുടെയും നിണവെളിച്ചത്തിൽ ചെണ്ടയുടെ ദ്രുതതാളത്തിൽ കോലം എടുത്തുവരവ് ആരംഭിക്കും. 9 മണിയോടെ ആരംഭിക്കുന്ന പടയണി പുലർച്ചയോടെ കോലങ്ങളെല്ലാം പടയണിക്കളത്തിൽ നിന്ന് തുള്ളിയുറഞ്ഞ് കളം ഒഴിയുന്നതോടെ പടയണിക്ക് തിരശീല വീഴും. തുടർന്ന് തിങ്കളാഴ്ച (25) ഉത്രം ഉത്സവം.

മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ എടുപ്പുകുതിരകളെ അണിനിരത്തുന്നതാണ് വെട്ടൂര്‍ ആയിരവില്ലൻ ക്ഷേത്രത്തിലെ കെട്ടുകാഴ്ചയുടെ പ്രത്യേകത. ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കുന്ന ചെറുതും വലുതുമായ നെടുംകുതിരകളും ഇരട്ടക്കാളയും ആനയും തേരും ചെറുകാളകളും നിറയുന്നതാണ് കെട്ടുകാഴ്ച. കെട്ടുരുപ്പടികളുടെ നിർമാണം വ്രതാനുഷ്ഠാനത്തോടെ ദേശത്തെ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. മധ്യതിരുവിതാംകൂറിലെ മിക്ക ക്ഷേത്രങ്ങളിലും കെട്ടുകാഴ്ചകൾ, പ്രത്യേകിച്ച് തേര് ചക്രങ്ങളിൽ കെട്ടിവലിച്ചാണ് ക്ഷേത്രങ്ങൾക്ക് സമീപത്തേക്ക് എത്തിക്കുന്നത്. എന്നാൽ ചട്ടത്തിൽ നിർമിച്ചിരിക്കുന്നതും ആളുകൾ ചുമലിലേറ്റി കൊണ്ടുവരുന്ന, ഏറ്റവും വലിയ നെടുംകുതിരകളെ അണിനിരത്തുന്ന ക്ഷേത്രമാണ് വെട്ടൂർ. ഭക്തിയും ഭൂപ്രകൃതിയുടെ പ്രത്യേകതയും നിർമാണത്തിലെവൈദഗ്ധ്യവും ഇതിന് കാരണം.

തച്ചുശാസ്ത്രത്തിന്റെ കൃത്യതയാണ് ഓരോ എടുപ്പുകുതിരകളും. 44 അടി ഏഴിഞ്ച് ഉയരവും 14അടി ഒൻപതിഞ്ച് വീതിയുമാണ് വെട്ടൂരിലെ കെട്ടുകാഴ്ചയിലെ ഏറ്റവും വലിയ എടുപ്പുകുതിരയായ കരക്കുതിരയ്ക്കുള്ളത്. 44അടി നീളം വീതമുള്ള രണ്ട് തേക്കിൻ ചട്ടത്തിലാണ് എടുപ്പുകുതിരയെ ഉറപ്പിക്കുന്നത്. സമചതുരാകൃതിയിൽ
മേൽക്കൂടാരം വരെ പോകുന്നതാണ് ഇതിന്റെ ഘടന. 14അടി ഒൻപതിഞ്ച് നീളത്തിലും ഒൻപതിഞ്ച് വീതിയിലുമാണ് കുതിരയെ ഉറപ്പിക്കുന്നതിനുള്ള പടികൾ നിർമിക്കുന്നത്. 12അടി നീളമുള്ള കമത്ത് പടിയും 174 സെന്റീമീറ്റർ നീളമുള്ള വാട്ടപ്പടിയും എട്ടുമീറ്റർ കതിരുകാലും 12 അടി ഇടക്കൂടാരവും 13 ഇല്ലിത്തട്ടുകളും ഉണ്ട്. കൂടാതെ അടിക്കൂടാരം, ഇടക്കൂടാരം, മേൽക്കൂടാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളോടും കൂടിയതുമാണ് കരക്കുതിര. അടിക്കൂടാരത്തിനും ഇടക്കൂടാരത്തിനും മധ്യത്തിലാണ് തിടമ്പും ദാരുശില്പങ്ങളും നെറ്റിപ്പട്ടവും വയ്ക്കുന്നത്. പിരമിഡ് ആകൃതിയാണ് കൂടാരത്തിനുള്ളത്. പാലത്തടിയിൽ കൊത്തുപണികളോടുകൂടി
നിർമിച്ചതാണ് കൂമ്പ്. ഇല്ലിത്തട്ടുകളും അറയും വെള്ളത്തുണി കൊണ്ട് മറയ്ക്കും. ഇല്ലിത്തട്ടുകളിൽ തൂക്കുകൾ ഉപയോഗിച്ച് അലങ്കരിക്കും. മറ്റുള്ള ക്ഷേത്രങ്ങളിൽ എടുപ്പുകുതിരകളെ തടിച്ചക്രത്തിൽ ബന്ധിച്ച് ഉരുട്ടിക്കൊണ്ടും വലിച്ചുകൊണ്ടും പോകുമ്പോൾ ഇവിടെ മൂന്നുറിലധികം ആളുകൾ ഇരുചട്ടത്തിനും ഇരുവശത്തുനിന്നും തോളിലേറ്റിക്കൊണ്ടാണ് പോകുന്നത്.

കെട്ടുരുപ്പടികൾ എല്ലാം തന്നെ നിർമിക്കുന്നത് പ്രകൃതി ദത്തമായ വസ്തുക്കൾ കൊണ്ടാണ്. തെങ്ങ്, കമുക്, പന, പ്ലാവ്, തേക്ക് എന്നിവയാണ് വിവിധ അളവിലുള്ള കുതിരകൾ നിർമിക്കാൻ ഉപയോഗിക്കുന്ന വൃക്ഷങ്ങൾ. നാല് കതിരുകാലുകളാണ് കുതിരയുടെ നിലനിൽപ്പിനെ സാധ്യമാക്കുന്നത്. വിശ്വാസപ്രകാരം നാലു കതിരുകാൽ നാലുവേദങ്ങളെയും കതിരുകാലുകൾക്ക് ബലക്ഷയമുണ്ടാകാതിരിക്കാൻ സഹായത്തിനായി നൽകിയിരിക്കുന്ന ചാരുകാലുകൾ 108 ഉപനിഷത്തുകളെയും 18 പുരാണങ്ങളെയും
പ്രതിനിധാനം ചെയ്യുന്നു. ഏറ്റവും മുകളിലെ കൂടാരം ശ്രീകോവിലാണ്. അതിന് മുകളിലെ കൂമ്പ് മോക്ഷത്തെയും സൂചിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...