റോം : കൂട്ടക്കുരുതി അവസാനിപ്പിക്കണം യുക്രൈൻ ആക്രമണത്തില്‍ റഷ്യയെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈൻ നഗരങ്ങളെ ശവപ്പറമ്പാക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പടിഞ്ഞാറന്‍ യുക്രൈയിനില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 35 ആളുകള്‍ മരണപ്പെട്ടു. പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്ന സൈനിക പരിശീലന കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്.
മെലിറ്റോപോള്‍ നഗരത്തിലെ മേയറെ റഷ്യന്‍ അനുകൂലികള്‍ തടവിലാക്കിയതു പിന്നാലെ റഷ്യ പുതിയ മേയറെ നിയമിച്ചു. റഷ്യ രാസായുധങ്ങള്‍ പ്രയോഗിച്ചാല്‍ നാറ്റോ ഇടപെടുമെന്ന് പോളണ്ട് പ്രധാനമന്ത്രി മുന്നറിയിപ്പുനല്‍കി. ഏറ്റവും സുരക്ഷിതമായി കരുതിയിരുന്ന പടിഞ്ഞാറന്‍ മേഖലയിലെ ലിവിവിന് സമീപമുള്ള യവോറിവിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് റഷ്യയുടെ 30 മിസൈലുകള്‍ പതിച്ചത്.
പോളണ്ട് അതിര്‍ത്തിയില്‍നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത്. രാജ്യാന്തര സമാധാനസേനയുടെ കേന്ദ്രമായ ഇവിടെ നാറ്റോ സേനാംഗങ്ങളടക്കം ഉണ്ട്. കീവ് അടക്കം മറ്റ് നഗരങ്ങളിലും ശക്തമായ ആക്രമണം തുടരുകയാണ്. കീവില്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിനിടയില്‍ ഉണ്ടായ ആക്രമണത്തില്‍ സ്ത്രീകളും ഒരു കുട്ടിയും അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ചെര്‍ണീവില്‍ റഷ്യന്‍ ആക്രമണത്തില്‍ കെട്ടിടസമുച്ചയം പൂര്‍ണമായും തകര്‍ന്നു. ഇന്നലെ മെലിറ്റോപോള്‍ മേയറെ സ്ഥാനഭ്രഷ്ടനാക്കി തടവിലാക്കിയ റഷ്യ നഗരത്തില്‍ പുതിയ മേയറെ നിയമിച്ചു.
മറ്റൊരു മേയറെക്കൂടി റഷ്യന്‍ സൈന്യം തട്ടിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ മേഖലയിലെ ഡോണറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് മേഖലയില്‍ നിന്നുള്ള അഭയാര്‍ഥികളെ കൊണ്ടുവരാന്‍ പോയ ട്രെയിന്‍ റഷ്യന്‍ സൈന്യം ആക്രമിച്ചതായി യുക്രൈയ്ൻ ആരോപിച്ചു. മരിയുപോളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നാലുലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്ന നഗരത്തിലേക്ക് മരുന്നും ഭക്ഷണവും വെളളവും അടങ്ങുന്ന സഹായം എത്തിക്കാന്‍ ശ്രമം തുടരുകയാണ്. സഹായവുമായി പുറപ്പെട്ട വാഹനവ്യൂഹം നഗരത്തിന് 80 കിലോമീറ്റര്‍ അടുത്തെത്തി. ആക്രമണം തുടരുന്നത് രക്ഷാ ദൗത്യത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.