പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ അവ്യക്തയെന്ന് നിക്ഷേപകര്‍. 532 അല്ല 1500 കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിക്കാരുടെ വാദം. ഫിനാന്‍സ് ഉടമകളുടെ ആസ്തികള്‍ കണ്ടുകെട്ടി വില്‍ക്കുന്ന നടപടികള്‍ ഇഴയുകയാണെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്ന് തട്ടിപ്പിന് ഇരയായവര്‍ ആരോപിച്ചു.
ആയിരത്തി അറുനൂറ് കോടിയോളം രൂപ പോപ്പുലര്‍ ഫിനാന്‍സ് ഇടപാടുകാരില്‍ നിന്നു തട്ടിയെടുത്തിട്ടുണ്ട്. ഇതിനായി ഹൈക്കോടതിയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെയും കണക്കുകളാണ് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നത്. 4,741 കേസുകളാണ് സംസ്ഥാന പോലീസ് സിബിഐക്ക് കൈമാറിയത്. ഇനിയും പതിനായിരക്കണക്കിന് പരാതി സ്വീകരിക്കാനുണ്ടെന്നുമാണ് കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടായ്മ പറയുന്നത്.
പോപ്പുലര്‍ ഫിനാന്‍സിന്റെയും ഉടമകളുടെയും ആസ്തികള്‍ എത്രയും വേഗം കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം. പോപ്പുലര്‍ ഫിനാന്‍സിന്റെ ബ്രാഞ്ചുകളിലെ മാനേജര്‍മാരെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിക്കുമെന്നും കബളിപ്പിക്കപ്പെട്ടവര്‍ പറയുന്നു.