പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അടുത്തിടെ സ്ഥാപനം നിക്ഷേപകര്‍ക്ക് നല്‍കിയത് മറ്റ് സ്ഥാപനങ്ങളുടെ രേഖകളാണ്. പോപ്പുലര്‍ പ്രിന്റേഴ്സ്, പോപ്പുലര്‍ ട്രെയ്ഡേഴ്സ്, പോപ്പുലര്‍ എക്സ്പോര്‍ട്ടേഴ്സ്, മൈ പോപ്പുലര്‍ മറൈന്‍ എന്നീ സ്ഥാപനങ്ങളുടെ രേഖകളാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.
പോപ്പുലര്‍ ഫിനാന്‍സിന്റെ വിവിധ ശാഖകളില്‍ പണം നിക്ഷേപിച്ചവര്‍ക്കും പുതുക്കി നല്‍കിയവര്‍ക്കുമാണ് ഇത്തരത്തില്‍ മറ്റ് സ്ഥാപനങ്ങളുടെ പേരിലുള്ള രേഖകള്‍ കൈമാറിയത്. ഒരു സ്ഥാപനത്തിലേക്ക് വന്ന നിക്ഷേപം വിവിധ സ്ഥാപനങ്ങളിലേക്ക് മാറ്റി നിക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതാണ് തട്ടിപ്പിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണം സംശയിക്കാന്‍ കാരണം.