21.2 C
Pathanāmthitta
Monday, January 17, 2022 9:11 am
- Advertisment -

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ; ന്യൂഇയറിന് ഓസ്ട്രേലിയയില്‍ ആനന്ദ നൃത്തമാടിയ പോപ്പുലര്‍ അമ്മച്ചിക്ക് വരുന്നത് എട്ടിന്റെ പണി

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയിലെ മുപ്പതിനായിരത്തോളം നിക്ഷേപകരുടെ രണ്ടായിരത്തോളം കോടി രൂപ തട്ടിപ്പ് നടത്തി ഓസ്ട്രേലിയയിലേക്ക് രക്ഷപെട്ട പോപ്പുലര്‍ അമ്മച്ചിക്ക് എട്ടിന്റെ പണി വരുന്നു. കമ്പിനിയുടെ ചെയര്‍പേഴ്സന്‍ ആയ മേരിക്കുട്ടി ദാനിയേല്‍ ജാമ്യ വ്യവസ്ഥകര്‍ ലംഘിച്ചുകൊണ്ടാണ് വിദേശത്തേക്ക് കടന്നത്‌.  ഇനിയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്നും രാജ്യം വിട്ടുപോകരുതെന്നും ആയിരുന്നു 2014 ല്‍ ഹൈക്കോടതി നല്‍കിയ ജാമ്യത്തിലെ പ്രധാന വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ ഇവര്‍ പൂര്‍ണ്ണമായും ലംഘിച്ചതിനാല്‍ നിലവില്‍ ജാമ്യം റദ്ദാക്കുവാനും ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. 2014 ലെ ഈ കേസ് ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടുവന്നത് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എ ആണ്. ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ്‌ കുമാര്‍ ടി.കെ എന്നിവരാണ് നിക്ഷേപകര്‍ക്കുവേണ്ടി ഹാജരായത്.

കഴിഞ്ഞ ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും ഒപ്പം അമ്മച്ചി ഓസ്ട്രേലിയയില്‍ ആനന്ദനൃത്തമാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിനിരയായവര്‍ പട്ടിണിയും പരിവെട്ടവുമായി ഇവിടെ കഴിയുമ്പോഴായിരുന്നു പോപ്പുലര്‍ ഉടമകളുടെയും ബന്ധുക്കളുടെയും ആട്ടവും പാട്ടും. മുപ്പത്തിയഞ്ചോളം നിക്ഷേപകര്‍ക്ക്  ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ ചിലര്‍ കടുത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതൊന്നും തട്ടിപ്പ് നടത്തിയ പ്രതികള്‍ക്ക് വിഷയമായിരുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ഈ ആനന്ദനൃത്തം. കൂടാതെ ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ മകള്‍ പ്രഭാ പൈനാടന്റെയും ഭര്‍ത്താവ് വര്‍ഗീസ്‌ പൈനാടന്റെയും വക ഭീഷണിയും സോഷ്യല്‍ മീഡിയയിലൂടെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് നേരെ ഉണ്ടായിരുന്നു.

വകയാര്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആദ്യം കണ്ടുപിടിച്ചത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്കും കേരളാ മണി ലെന്റെഴ്സ്‌ ആക്ടിനും വിരുദ്ധമായാണ് കോന്നി പോപ്പുലര്‍ ഫിനാന്‍സ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ 2012 ല്‍ സംസ്ഥാന പോലീസ് മേധാവിക്കും കേരളാ ധനകാര്യ വകുപ്പിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നു മാത്രമല്ല പരാതിയും മുക്കുകയായിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല. 2013 ല്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് മനസ്സില്ലാ മനസ്സോടെ  2014 ല്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മേരിക്കുട്ടി ദാനിയേലും മകന്‍ റോയ് എന്നറിയപ്പെടുന്ന തോമസ്‌ ദാനിയേലും ആയിരുന്നു പ്രതികള്‍.

പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ അമ്മയും മകനും കേരളാ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കര്‍ശന ഉപാധികളോടെ മേരിക്കുട്ടി ദാനിയേലിനും തോമസ്‌ ദാനിയേലിനും ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു. 2015 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിക്ക് 269 ബ്രാഞ്ചുകളും ആയിരം നിക്ഷേപകരും ആയിരുന്നു ഉണ്ടായിരുന്നത്. 2012 ല്‍ റിസര്‍വ് ബാങ്ക് പരാതി നല്‍കിയപ്പോള്‍ പോപ്പുലര്‍ ഫിനാന്‍സിനെതിരെ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നടന്ന തട്ടിപ്പിന്റെ വ്യാപ്തി വളരെ കുറഞ്ഞിരിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാരും പോലീസും പോപ്പുലര്‍ ഉടമകളെ വഴിവിട്ട് സഹായിച്ചതോടെ ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പിന് വഴിയൊരുങ്ങുകയായിരുന്നു. ഇന്ന് മുപ്പതിനായിരത്തോളം നിക്ഷേപകരാണ് പരാതിയുമായി കാത്തിരിക്കുന്നത്. ഇവര്‍ക്ക് മാത്രം നഷ്ടപ്പെട്ടത് 1200 കോടിയോളം രൂപയാണ്. ബിനാമി നിക്ഷേപകരും കള്ളപ്പണം നിക്ഷേപിച്ചവരും പരാതിയുമായി എത്തിയിട്ടില്ല എന്നതും പ്രത്യേകതയാണ്.

2015 ല്‍ ഹൈക്കോടതി നല്‍കിയ ഉത്തരവുകള്‍ പലതും പച്ചയായി ലംഘിക്കുകയായിരുന്നു സര്‍ക്കാരും പോലീസും. പോപ്പുലര്‍ ഫിനാന്‍സ് കേസുകള്‍ സമഗ്രമായി അന്വേഷിക്കണമെന്നും ഇതിന് വിദഗ്ദ സംഘത്തെ നിയോഗിക്കണമെന്നും എ.ഡി.ജി.പി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ ഈ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയമിച്ചതായി ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും പിന്നീട് എന്തുണ്ടായി എന്ന് ആര്‍ക്കും അറിയില്ല. അന്വേഷണ സംഘത്തില്‍ ആരൊക്കെയായിരുന്നെന്നും അന്വേഷണ പുരോഗതി എന്തെന്നും കോടതിയെപ്പോലും സര്‍ക്കാര്‍ അറിയിച്ചില്ലെന്ന് വേണം കരുതാന്‍. അന്നത്തെ അന്വേഷണ സംഘവും പോപ്പുലര്‍ ഉടമകളെ വഴിവിട്ട് സഹായിച്ചെന്നാണ് നിക്ഷേപകര്‍ കരുതുന്നത്.

പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റെഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത് 2014 ലെ ഈ കേസിന്റെ പുനരന്വേഷണമാണ്. സര്‍ക്കാര്‍ നിയമിച്ച അന്വേഷണ സംഘത്തില്‍ ആരൊക്കെയായിരുന്നു, അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്തൊക്കെയാണ് എന്നിവയും ആരാഞ്ഞിരുന്നു. ഈ കേസില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണമാണ് പി.ജി.ഐ.എ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇന്ന് ഇടക്കാല ഉത്തരവും പുറത്തിറക്കി. 2015  ലെ ഹൈക്കോടതി വിധിയുടെ തുടര്‍നടപടികള്‍ എന്തൊക്കെയാണെന്ന് മൂന്നാഴ്ചക്കകം സര്‍ക്കാര്‍ കോടതിയെ ബോധിപ്പിക്കണം. ഈ ഉത്തരവിലൂടെ വെട്ടിലായത് സര്‍ക്കാരും പോലീസുമാണ്. പോപ്പുലര്‍ ഉടമകളെ വഴിവിട്ട് സഹായിച്ച അന്വേഷണ ഉദ്യോഗസ്ഥരും ഇതോടെ കുടുങ്ങും. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് മേരിക്കുട്ടി ദാനിയേല്‍ എങ്ങനെ ഓസ്ട്രേലിയയിലേക്ക് കടന്നുവെന്നും ആരാണ് ഇവരെ സഹായിച്ചതെന്നും വരും നാളുകളില്‍ വ്യക്തമാകും.

പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിന്റെ പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും വര്‍ഷങ്ങളുടെ മുന്നൊരുക്കം ഈ തട്ടിപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും ഉന്നതരില്‍ പലരും പോപ്പുലര്‍ ഉടമകളെ സഹായിച്ചിട്ടുണ്ടെന്നും നിക്ഷേപകര്‍ പറയുന്നു. ശക്തമായ നിയമ നടപടികളുമായി തങ്ങള്‍ നിക്ഷേപകരോടൊപ്പം ഉണ്ടാകുമെന്നും പ്രതികളെ രക്ഷപെടാന്‍ അനുവദിക്കില്ലെന്നും അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജും രാജേഷ് കുമാര്‍ ടി.കെയും പറഞ്ഞു. All Rights Reserverd @ Pathanamthitta Media

- Advertisment -
Advertisment
Advertisment

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
- Advertisment -

Most Popular