പത്തനംതിട്ട : അനധികൃതമായ പല നിക്ഷേപങ്ങളുടെയും നിലവറയായിരുന്നു പോപ്പുലര്‍ ഫിനാന്‍സ്. ഇവിടെ വരുന്ന തുക വകമാറ്റാന്‍ നടത്തിയ തട്ടിപ്പ് രീതിയും ഏറെ വ്യത്യസ്തമാണ് . ഇന്ത്യ വിടാനായി കുടുംബാംഗങ്ങള്‍ ഉപയോഗിച്ചത് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ആണ് . റീനു മറിയം തോമസ് വെളിപ്പെടുത്തിയ തട്ടിപ്പുകളുടെ കണക്ക് 1400 കോടിയാണ് . പോപ്പുലര്‍ തട്ടിപ്പില്‍ വന്‍തുകകളുടെ പരാതി പോലീസില്‍ എത്തിയതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ഉഷാറാകുന്നു. കോടികളുടെ സമ്പാദ്യം നഷ്ടമായ നിക്ഷേപകര്‍ ഇനി കേന്ദ്രഏജന്‍സികളുടെ ചോദ്യത്തിനും മറുപടി പറയേണ്ടി വരും.
അതിനിടെ പോപ്പുലര്‍ ഉടമകളെ രക്ഷിക്കാന്‍ ഒരു ക്രൈസ്തവ സഭ വഴിവിട്ട നീക്കം നടത്തിയെന്ന വിവരവും പുറത്തു വരുന്നു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി പ്രതികള്‍ക്ക് കീഴടങ്ങാന്‍ അവസരമൊരുക്കി കൊടുത്തത് ഈ സഭയിലെ ഒരു മെത്രാന്‍ ആണെന്നും ആരോപണമുണ്ട്. എന്തായാലും സഭയുടെ ചില സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയെന്ന് സൂചന.
പോപ്പുലര്‍ തട്ടിപ്പ് വിവരം പുറത്തു വന്നതിന് പിന്നാലെ വിവിധ സ്റ്റേഷനുകളില്‍ വന്നത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി മാത്രമായിരുന്നു. അരക്കോടി വരെയായിരുന്നു ഏറ്റവും വലിയ തുക. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് ഓരോ പരാതിക്കും പ്രത്യേകം എഫ്ഐആര്‍ ഇടാന്‍ പറഞ്ഞതോടെ വലിയ തുകകള്‍ക്കുള്ള പരാതികള്‍ വന്നു തുടങ്ങി. പത്തനംതിട്ട സ്റ്റേഷനില്‍ 1.28 കോടി, റാന്നിയില്‍ 1.59 കോടി എന്നിങ്ങനെയാണ് വന്ന പരാതികളില്‍ ചിലത്. ഇതിന്റെ ഉറവിടമാകും കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുക.
ഇതിനിടെ പോപ്പുലര്‍ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമികാന്വേഷണം നടത്തി. തട്ടിപ്പില്‍ പങ്കുണ്ടെന്നു കരുതുന്ന ഒരു സമുദായ സംഘടനയുമായി ബന്ധപ്പെടുത്തിയാണ് ഇഡിയുടെ അന്വേഷണം എന്നാണ് വിവരം. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെ സംരക്ഷിക്കാന്‍ സമുദായത്തിന്റെ തലപ്പത്തുള്ള ചിലര്‍ ശ്രമിച്ചിരുന്നുവെന്നാണ് സൂചന. സര്‍ക്കാരില്‍ ചിലരുമായി ഇവര്‍ ചര്‍ച്ച നടത്തിയെന്നും തട്ടിപ്പുകാര്‍ക്ക് ഒളിത്താവളം ഒരുക്കിയെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.
കോടികളുടെ സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ ഇഡിയുടെ അന്വേഷണം അനിവാര്യമാണ്. ഉടമകളുടെ മാത്രമല്ല, നിക്ഷേപകരുടെയും ആസ്തിയും നിക്ഷേപിച്ച കോടികളുടെ ഉറവിടവും ഇഡി അന്വേഷിക്കും. ഇതു കാരണം കോടികള്‍ നിക്ഷേപിച്ച പലരും പരാതി നല്‍കാന്‍ മടിച്ചു നില്‍ക്കുകയാണ്. കോടികളുടെ പരാതിയുമായി എത്തുന്നവരോട് പോലീസ് ഉറവിടം അന്വേഷിക്കുന്നുണ്ട്.
മക്കള്‍ വിദേശത്തുള്ള വയോധികരാണ് നിക്ഷേപകരില്‍ ഏറെയും. ഇവര്‍ ആദായ നികുതി അടിച്ചിരുന്നോയെന്നുള്ളതും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷിക്കും. നിക്ഷേപകരുടെയും അവര്‍ നിക്ഷേപിച്ച തുകയുടെയും യഥാര്‍ഥ കണക്ക് ലഭിച്ചതിന് ശേഷമാകും ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിക്കുക. ഇപ്പോള്‍ പരാതി നല്‍കാതെ മാറി നില്‍ക്കുന്നവരും കേന്ദ്രഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ വരും.