കൊച്ചി : സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ബഡ്സ് (Buds Rules) ചട്ടങ്ങള്‍ നവംബര്‍ 24 നു കൂടുന്ന മന്ത്രിസഭായോഗത്തില്‍ പരിഗണിക്കുമെന്ന് കേരളാ സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാല്‍ രണ്ടു ദിവസത്തിനകം ബഡ്സ് ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൂടാതെ കോമ്പറ്റെന്റ് അതോറിറ്റിയുടെ നാളിതുവരെയുള്ള നടപടികള്‍ സര്‍ക്കാര്‍ ശേഖരിച്ച് കോടതിയെ അറിയിക്കണമെന്നും ജസ്റ്റീസ് പി.സോമരാജന്‍ ഉത്തരവായി. നിക്ഷേപകര്‍ക്കു വേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്.വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.
തുടര്‍ച്ചയായി കോടതി ഉത്തരവുകള്‍ ലംഘിക്കുന്നതിനെതിരെ പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) ആണ് ഹൈക്കോടതിയെ സമീപിച്ചത്. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ആയിരക്കണക്കിന് കോടികളുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സ് നടത്തിയത്. തട്ടിപ്പിന് വര്‍ഷങ്ങളുടെ മുന്നൊരുക്കം നടന്നിരുന്നു. മുപ്പതിനായിരത്തില്‍ അധികം നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാരും കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മൌനം പാലിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മുപ്പത്തി അഞ്ചിലധികം നിക്ഷേപകര്‍ ഹൃദയം പിടഞ്ഞ് മരിച്ചു. നിക്ഷേപ സംഘടനകള്‍ നിരവധി സമരങ്ങള്‍ നടത്തി. നിയമയുദ്ധവുമായി പി.ജി.ഐ.എ പോലുള്ള സംഘടനകള്‍ മുന്നേറി. എന്നാലും ഇതൊന്നും കണ്ടില്ലെന്നു നടിക്കുവാനായിരുന്നു സര്‍ക്കാരിന്റെ താല്‍പ്പര്യം. ഇത് കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിലും പ്രകടമായിരുന്നു.
1200 കോടി രൂപയെങ്കിലും ഉണ്ടെങ്കില്‍ പരാതിയുമായി വന്ന നിക്ഷേപകര്‍ക്ക് പണം മടക്കിനല്കുവാന്‍ കഴിയും. എന്നാല്‍ ഇതിന് പോപ്പുലര്‍ ഉടമകള്‍ ഇപ്പോഴും തയ്യാറല്ല. വിവിധ എജന്‍സികളുടെ അന്വേഷണത്തില്‍ വിദേശത്തേക്ക് പണം അനധികൃതമായി കടത്തിയെന്ന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആ പണം തിരികെ എത്തിച്ച് ആത്മഹത്യയുടെ മുന്നില്‍ നില്‍ക്കുന്ന നിക്ഷേപകര്‍ക്ക് മടക്കിനല്കുവാന്‍ തട്ടിപ്പുകാര്‍ താല്‍പ്പര്യപ്പെടുന്നില്ല. പകരം പോപ്പുലര്‍ ഉടമകളും ജീവനക്കാരും ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ നിക്ഷേപകരെ എങ്ങനെയെങ്കിലും ഒതുക്കുവാനുള്ള ഗൂഡശ്രമം നടന്നുവരികയാണ്. നിക്ഷേപകര്‍ക്ക് മുതലിന്റെ പത്തുശതമാനം നല്‍കി എങ്ങനെയും ഒത്തുതീര്‍പ്പ് ഉണ്ടാക്കി രാജ്യം വിടാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
കോന്നി വകയാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സ് ഇരുപതിലധികം കടലാസ് കമ്പിനികളുടെ പേരിലായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഇതേ തട്ടിപ്പ് തന്ത്രം മറ്റുചിലരെ മുന്നില്‍ നിര്‍ത്തി കളിക്കുകയാണ് പോപ്പുലര്‍ ഉടമകള്‍. ഇതിനുവേണ്ടി ഇവര്‍ തട്ടിക്കൂട്ടിയ വാട്സാപ് ഗ്രൂപ്പാണ് MATO (മെര്‍ജര്‍ ആന്റ് ടെക്കോവര്‍ ഗ്രൂപ്പ്). കോട്ടയത്തും ചങ്ങനാശ്ശേരിയിലുമുള്ള ചിലരാണ് ഈ ഗ്രൂപ്പ് നിയന്ത്രിക്കുന്നത്. പോപ്പുലര്‍ ഉടമകളെയും ജീവനക്കാരെയും എങ്ങനെയും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഇവരുടെ മുന്നിലുള്ളത്. ലക്‌ഷ്യം സാധിച്ചെടുത്താല്‍ ഓരോ കോടി രൂപ ഇവര്‍ക്ക് പ്രതിഫലമായി ലഭിക്കും എന്നാണ് സൂചന. അതുകൊണ്ടുതന്നെ പ്രായത്തിന്റെ അവശതകളും പ്രതിബന്ധങ്ങളും മറന്നുകൊണ്ടാണ് ഇവര്‍ രംഗത്തിറങ്ങിയത്. എങ്ങനെയും പണമുണ്ടാക്കുക എന്നതുമാത്രമാണ് ലക്‌ഷ്യം. പോപ്പുലര്‍ തട്ടിപ്പില്‍ പങ്കുള്ള ചില ജീവനക്കാരും ഇവരോടൊപ്പം സജീവമായുണ്ട്. തങ്ങള്‍ക്കെതിരെയുള്ള അന്വേഷണം വഴിതിരിച്ചുവിടുക എന്നതാണ് ഈ ജീവനക്കാര്‍ക്ക് വേണ്ടത്.