കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളെ സി.ബി.ഐ അറസ്റ്റു ചെയ്തു. ഫിനാന്‍സ് കമ്പിനിയുടെ മാനേജിംഗ് ഡയറക്ടര്‍ റോയി എന്ന തോമസ് ദാനിയേല്‍ , ഭാര്യ പ്രഭാ ദാനിയേല്‍, മക്കളായ റിനു, റിയ, റീബ എന്നിവരെയാണ് സി.ബി.ഐയുടെ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.
നാലായിരം കോടി രൂപയിലധികമാണ് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പിലൂടെ ജനങ്ങള്‍ക്ക് നഷ്ടമായത്. ലോക്കല്‍ പോലീസ് ആദ്യം അന്വേഷിച്ചെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കംമുതല്‍ സ്വീകരിച്ചത്. തട്ടിപ്പിനിരയായ നിക്ഷേപകര്‍ നല്‍കിയ പരാതികള്‍ക്ക് എഫ്.ഐ.ആര്‍ ഇടാന്‍ പോലും പോലീസ് തയ്യാറായില്ല. ഇതിനിടെ എല്ലാ പരാതിക്കാര്‍ക്കും കൂടി ഒരു എഫ്.ഐ.ആര്‍ മതിയെന്ന ഡി.ജി.പി യുടെ വിവാദമായ ഉത്തരവും ഇറങ്ങി. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വരെ പ്രതികള്‍ക്ക് അനുകൂലമായിരുന്നു. ഇതിനെതിരെ നിക്ഷേപകരുടെ സംഘടനയായ പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ജി.ഐ.എ) ഹൈക്കോടതിയെ സമീപിക്കുകയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇത് അംഗീകരിച്ചുകൊണ്ട് കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
ഹൈക്കോടതി കേസ് അന്വേഷണം ഏല്‍പ്പിച്ച് ഉത്തരവിട്ടിട്ടും സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെട്ടില്ല. ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് കാട്ടി പി.ജി.ഐ.എ, സി.ബി.ഐ ഡയറക്ടറെ പ്രതിയാക്കി കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. കോടതിയലക്ഷ്യ നടപടികളില്‍ നിന്നും രക്ഷപെടുന്നതിനും നിക്ഷേപകര്‍ വിടാതെ കേസുമായി പിന്തുടരുമെന്നതിനാലും അവസാനം നിവര്‍ത്തിയില്ലാതെ സി.ബി.ഐ കേസ് ഏറ്റെടുക്കുകയായിരുന്നു. ഇക്കാര്യം അവര്‍ ഹൈക്കോടതിയിലും ധരിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളെ ഇന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
വരുന്ന അഞ്ചു ദിവസം സി.ബി.ഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളെ ചോദ്യം ചെയ്യും. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി(പി.ജി.ഐ.എ) ഡല്‍ഹിയിലെ ന്യൂട്ടന്‍സ് ലോ അഭിഭാഷക ഗ്രൂപ്പ് ആണ് കേസുകള്‍ വാദിച്ചത്. അഭിഭാഷകരായ മനോജ്.വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവരാണ് പി.ജി.ഐ.എക്കുവേണ്ടി ഹാജരായത്. തുടര്‍ച്ചയായ നിയമപോരാട്ടത്തിലൂടെയാണ് കേസ് ഇവിടെവരെ എത്തിയത്.