കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. അറസ്റ്റിലായിട്ട് 90 ദിവസം കഴിഞ്ഞതിനാല്‍ കോടതി ഇവര്‍ക്ക് സ്വാഭാവിക ജാമ്യം നല്‍കുകയായിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ദാനിയേല്‍ എന്ന റോയി, ഇദ്ദേഹത്തിന്റെ ഭാര്യ പ്രഭാ ദാനിയേല്‍, മൂത്ത മകള്‍ ഡോക്ടര്‍ റിനു മറിയം, ഇളയ മകള്‍ റീബാ മറിയം എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കോന്നി സ്വദേശിയും റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥയുമായ ആനിയമ്മ കോശിയുടെ കേസിലാണ് കോന്നി പോലീസ് ഈ നാലു പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ മകള്‍ ഡോക്ടര്‍ റിയയെ പിന്നീടാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ജാമ്യം ലഭിക്കുവാനുള്ള കാലാവധി ആയിട്ടില്ല. പോപ്പുലര്‍ തട്ടിപ്പുകേസില്‍ ആദ്യത്തെ പരാതിയും അറസ്റ്റും ഈ കേസിലാണ്. വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പോലീസ് ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അതിനാലാണ് സ്വാഭാവിക ജാമ്യത്തിന്റെ പരിരക്ഷ പ്രതികള്‍ക്ക് ലഭിച്ചത്.
ജാമ്യം ലഭിച്ചാലും ഇവര്‍ക്ക് പുറത്തിറങ്ങുവാന്‍ കഴിയില്ല. നൂറു കണക്കിന് കേസുകളില്‍ ഇവരുടെ അറസ്റ്റ് ഒന്നിനുപിറകെ മറ്റൊന്നായി ഉണ്ടാകും. എല്ലാകേസിലും 90 ദിവസം കഴിയാതെ സ്വാഭാവിക ജാമ്യം ലഭിക്കുകയുമില്ല. ആനിയമ്മ കോശിക്കുവേണ്ടി പ്രോസിക്യൂഷന്‍ ഭാഗത്തെ അഭിഭാഷകരെ കൂടാതെ ന്യുട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവരും ഹാജരായിരുന്നു.
അതെ സമയം പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ള 1368 കേസുകളായിരിക്കും സിബിഐ അന്വേഷിക്കുക. കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.