പത്തനംതിട്ട: പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളായ റോയ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റീനു, റീബ എന്നിവരുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ കോടതി തള്ളിയത്.
പോപ്പുലർ ഫിനാൻസ് ഉടമകൾക്കായി കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ പ്രഗത്ഭ രായ വക്കീലന്മാരാണ് ഹാജരായത്. വാദം പൂർത്തിയായ ശേഷം ഇവരുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നതിനായി ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. റോയി കൊട്ടാരക്കര സബ് ജയിലിലേക്കും ഭാര്യ പ്രഭയേയും മക്കളായ റീനുവിനെയും റീബയേയും തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ സബ് ജയിലുമാണ് ഇപ്പോഴുള്ളത്
കേസിൽ ലോക്കൽ പോലീസിനെ കൂടാതെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സിബിഐയും സമാന്തരമായി അന്വേഷണം നടത്തും.
പോപ്പുലർ ഫിനാൻസ് ഉടമകൾ കള്ളപ്പണത്തിൻ്റെ ഇടപാടുകൾ നടത്തിയിരുന്നതായി തെളിഞ്ഞിരുന്നു. അതോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽ കൂടാതെ രാജ്യത്തിനു പുറത്തും ഇവർക്ക് നിക്ഷേപങ്ങൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് എൻഫോഴ്സ് ഡയറക്ടറേറ്റും സിബിഐയും സമാന്തര അന്വേഷണം നടത്തുന്നത്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത് എന്നാണ് ലോക്കൽ പോലീസിൻ്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.