പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കി . 10 ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത് . പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് അപേക്ഷ നല്‍കിയത് . പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യയും മക്കളും നിലവില്‍ റിമാന്‍ഡിലാണ്. തട്ടിപ്പില്‍ റോയിയുടെ മക്കളായ റിനു മറിയം തോമസിനും റിയ ആന്‍ തോമസിനുമാണ് മുഖ്യ പങ്കെന്ന് ജില്ലാ പോലീസ് മേധാവി കോടതിയെ അറിയിച്ചു. അറസ്റ്റ് ചെയ്തിട്ടുള്ളത് മൂത്ത മകള്‍ ഡോ.റിനു മറിയം തോമസിനെയും ഇളയ മകള്‍ റീബ തോമസിനെയുമാണ്. രണ്ടാമത്തെ മകള്‍ ഡോ. റിയാ ആന്‍ തോമസിനെ അറസ്റ്റു ചെയ്തിട്ടില്ല.
2014 ലാണ് റോയി ഡാനിയേല്‍ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്. ഉടമസ്ഥാവകാശം ലഭിച്ച ഉടന്‍ മക്കള്‍ പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ പ്രിന്റേഴ്സ്, നിധി പോപ്പുലര്‍ എന്നീ പേരുകളില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ചു . പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം വക മാറ്റിക്കൊണ്ടിരുന്നു.
എന്നാല്‍ പുതിയ സ്ഥാപനങ്ങളിലേക്കുള്ള നിക്ഷേപം സ്വീകരിച്ചത് എല്ലാം എല്‍എല്‍പി വ്യവസ്ഥയിലായിരുന്നു . എല്‍എല്‍പി വ്യവസ്ഥയില്‍ നിക്ഷേപം സ്വീകരിച്ചാല്‍ നിക്ഷേപകര്‍ക്ക് കമ്പിനിയുടെ ലാഭ വിഹിതം മാത്രമാണ് ലഭിക്കുക . കമ്പിനി നഷ്ടത്തിലായാല്‍ ആനുപാതികമായി നിക്ഷേപകരുടെ പണവും നഷ്ടമാകും . എന്നാല്‍ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് നിക്ഷേപകരെ സ്ഥാപനം അറിയിച്ചില്ല. നിക്ഷേപകരെ വഞ്ചിച്ച് സ്ഥാപന ഉടമകള്‍ 2000 കോടി രൂപ തട്ടിയെന്നായിരുന്നു റിമാന്റ് റിപ്പോര്‍ട്ട്.