പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പോപ്പുലർ ഫൈനാൻസ് ഉടമകൾക്ക് കുരുക്ക് മുറുകുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റും ഇൻകം ടാക്സും കേസിൽ അന്വേഷണം നടത്തും. ലോക്കൽ പോലീസിന്റെ അന്വേഷണത്തോടൊപ്പമായിരിക്കും ഇവരുടെ അന്വേഷണം
സംസ്ഥാനത്തും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിലുമായി മൂന്നൂറോളം പോപ്പുലർ ഫിനാൻസ് ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി സാധാരണക്കാരും കള്ളപ്പണക്കാരും പോപ്പുലർ ഫൈനാൻസിൽ നിക്ഷേപകരായുണ്ട്. നിലവിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നാനുറോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. പലരും പരാതി നൽകാൻ തയ്യാറായി മുന്നോട്ട് വന്നിട്ടില്ല എന്നത് തട്ടിപ്പിന്റെ ആക്കം കൂട്ടുന്നു.
വരവിൽ കവിഞ്ഞ് സമ്പാദ്യമുള്ള നിരവധി പേർ കൂടുതൽ പലിശ പ്രതീക്ഷിച്ച് കമ്പനിയിൽ കോടികൾ നിക്ഷേപിച്ചിട്ടുണ്ട്. ഇവരെ അന്വേഷിച്ചാണ് ഇ.ഡി, ഇൻകംടാക്സ് വിഭാഗങ്ങൾ ഇറങ്ങുന്നത്. ഇവരുടെ സാമ്പത്തിക സ്ത്രോസുകളും അന്വേഷണ വിധേയമാക്കും. അതേ സമയം റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പോപ്പുലർ ഫൈനാൻസ് പ്രവർത്തിച്ചത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
2014 മുതൽ പോപ്പുലർ ഫൈനാൻസിന് നിക്ഷേപം സ്വീകരിക്കാൻ നിയമപരമായി അനുമതിയുണ്ടായിരുന്നില്ല. 12 ശതമാനം പലിശയാണ് പോപ്പുലർ ഫൈനാൻസ് വാഗ്ദാനം ചെയ്യുന്നത്. ഇത് റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്ക് എതിരാണ്. 2014ൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് പോപ്പുലർ ഫൈനാൻസിന് നിയമപരമായ തടസങ്ങളുണ്ടായത്. എന്നാൽ ഈ കേസിൽ ഹൈക്കോടതിയെ സമീപിച്ച് ഉടമകൾ തുടർനടപടികൾ നീട്ടിക്കൊണ്ടുപോയി.