പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ നിക്ഷേപകരുടെ കൂട്ടായ്മയായ പോപ്പുലർ ഗ്രുപ്പ് ഇൻവെസ്റ്റേഴ്സ് അസോസിയേഷന്‍ നൽകിയ ഹർജിയിൽ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. നിക്ഷേപകരുടെ പരാതികളിൽ പ്രത്യേകം എഫ്‌ഐആർ എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ചാണ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കാറ്റിൽ പറത്തുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്നും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതികൾ മൊബൈൽ ഫോണുകളും ഇന്റര്‍നെറ്റ് അടക്കമുള്ള സൌകര്യങ്ങള്‍ ഉപയോഗിക്കുന്നുവെന്നും അത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും നിക്ഷേപകർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
നിക്ഷേപകരുടെ വാദങ്ങൾ മുഖവിലയ്ക്ക് എടുത്ത കോടതി സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിൽ സംസ്ഥാന സർക്കാർ എന്തെല്ലാം കാര്യങ്ങൾ ചെയ്തുവെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടികൾ എന്തൊക്കെയാണെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം ഇതുവരെ എത്ര എഫ് ഐ ആർ എടുത്തുവെന്നും ഉടൻ തന്നെ വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചു.
പോപ്പുലർ ഫിനാൻസ് ഇൻവെസ്റ്റേഴ്സ് അസോസിയേഷനു വേണ്ടി ന്യുട്ടൻസ് ലോ അഭിഭാഷക ഗ്രൂപ്പാണ് ഹർജി ഫയൽ ചെയ്തത്. കേസിലെ പ്രധാന തെളിവുകൾ സൂക്ഷിച്ചിരുന്ന കോന്നി സിഐ രാജേഷിനെ സ്ഥലം മാറ്റിയതിലും ഗൂഢാലോചന നടന്നതായും ഹർജിയിൽ പരാതിക്കാർ ആരോപിച്ചിരുന്നു. കോന്നി സിഐയുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടിട്ടുണ്ട്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ നിക്ഷേപകരുടെ വാദം ഹൈക്കോടതി വീണ്ടും ഒക്ടോബർ എട്ടാം തീയതി കേൾക്കും. എട്ടാം തീയതികൾക്കുള്ളിൽ ഹൈക്കോടതിയുടെ നോട്ടീസിന് മറുപടി നൽകണമെന്നാണ് ഉത്തരവ് വന്നിരിക്കുന്നത്. ഇതിനിടയിൽ പോപ്പുലർ ഫിനാൻസ് ഉടമകളെ രക്ഷപ്പെടുത്താൻ ഉന്നതങ്ങളിൽ നിന്ന് ചരടുവലികൾ നടക്കുന്നതായുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ സമയോചിതമായ ഇടപെടൽ.