പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളെ സഹായിക്കുന്ന അന്വേഷണ സംഘത്തിൻ്റെ നീക്കത്തിനെതിരെ നിക്ഷേപകർ രംഗത്ത്. അറുപത് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് എല്ലായിടത്തു നിന്നും ഉയരുന്നത്. അതിനാൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം.
പോപ്പുലർ ഉടമകളുടെ സാമ്പത്തിക തട്ടിപ്പ് സിബിഐ ഏറ്റെടുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അതിനുള്ള നടപടിക്രമങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ടു പോകുന്ന കാഴ്ചയാണ് കണ്ടത്. സി ബി ഐ കേസ് ഏറ്റെടുത്താൽ മാത്രമേ നീതി ലഭിക്കു എന്ന വിശ്വാസം മാത്രമാണ് നിക്ഷേപകർക്ക് ഉള്ളത്. അന്വേഷണ സംഘത്തിലെ വിശ്വാസം പൂർണ്ണമായും നഷ്ടമായി എന്നാണ് നിക്ഷേപകർ വ്യക്തമാക്കുന്നത്.
ബഡ്സ് ആക്ട് പ്രകാരം പ്രത്യേക കോടതി സ്ഥാപിച്ച് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട നിയമ നടപടികൾ വേഗത്തിലാക്കണം. 2,000 കോടിയുടെ നിക്ഷേപത്തട്ടിപ്പാണ് നടന്നത്. എന്നാൽ, ഇതുവരെ 120 കോടിയുടെ ആസ്തി മാത്രമാണ് പോലീസ് കണ്ടെത്തിയിട്ടുളളത്. സ്വത്തുക്കൾ മുഴുവൻ റോയിയും കുടുംബവും കടത്തിയതാണ്. അവ മടക്കിക്കൊണ്ടുവരണം, അതിന് സിബിഐ പോലെയൊരു അന്വേഷണ ഏജൻസിയെ കൊണ്ടു മാത്രമേ സാധിക്കു എന്നാണ് നിക്ഷേപകർ പറയുന്നത്.
പോപ്പുലർ ഗ്രുപ്പിനെ സഹായിക്കുന്ന നിലപാടാണ് ആദ്യം മുതൽ തന്നെ പോലീസ് സ്വീകരിച്ചു വന്നിരുന്നത്. ആദ്യം ഒരൊറ്റ എഫ് ഐ ആർ മതിയെന്ന പോലീസിൻ്റെ നിലപാടും തുടർന്ന് എല്ലാ കേസിലും എഫ് ഐ ആർ എടുക്കണമെന്ന കോടതി ഉത്തരവ് വന്നിട്ടും പോലീസ് നിക്ഷേപകരുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിച്ചിരുന്നതും സംശയം ഉണ്ടാക്കിയിരുന്നു. വളരെ കുറിച്ച് പേരുടെ പരാതിയിൽ മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ഈ സംഭവം തന്നെ പോലീസും പോപ്പുലർ ഗ്രുപ്പും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നാണ് നിക്ഷേപകരുടെ ആരോപണം. ഇതിനിടയിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിച്ചതോടെ തങ്ങൾക്ക് നീതി ലഭിക്കുമോയെന്ന ആശങ്കയാണ് നിക്ഷേപകർ പങ്കുവെയ്ക്കുന്നത്.