പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ തട്ടിപ്പിനിരയായ നിക്ഷേപകർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. പോപ്പുലർ ഗ്രൂപ്പ് ഇൻവെസ്റ്റേഴ്‌സ് അസോസിയേഷൻ ആണ് അഭിഭാഷക ഗ്രൂപ്പ് ആയ ന്യുട്ടൻസ് ലോ മുഖേന കേരള സർക്കാരിനെ പ്രതിയാക്കി ഹർജി ഫയൽ ചെയ്തത്.
നാളിതുവരെയായിട്ടും പോപ്പുലർ ഫിനാൻസ് ഉടമകളെ സഹായിക്കുന്ന നടപടികളാണ് സർക്കാരും പോലീസും സ്വീകരിച്ചു വരുന്നതെന്നും അന്വേഷണം ഒരു പ്രഹസനമായിരിക്കുകയാണെന്നും നിക്ഷേപകര്‍ പറയുന്നു. അന്വേഷണം എന്ന പേരിൽ തട്ടിപ്പിനിരയായ നിക്ഷേപകരുടെയും ജനങ്ങളെയും കണ്ണിൽ പൊടിയിടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ലഘുവായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ എടുക്കുന്നത്. ഇത് പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കുകയാണെന്നും തട്ടിപ്പിനിരയായ നിക്ഷേപകര്‍ ആരോപിക്കുന്നു. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സി ബി ഐ അന്വേഷണം നടത്താമെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഇതിൽനിന്നും പിന്മാറുന്ന സമീപനങ്ങളാണ് സ്വീകരിച്ചു വരുന്നതെന്നും ഉടൻ തന്നെ ഹൈക്കോടതി ഇടപെടൽ നടത്തണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം