പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പിൽ ഉന്നതരായ രാഷ്ട്രീയ നേതാക്കളും ചില പോലീസ് ഉദ്യോഗസ്ഥരും അവരവരുടെ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാനായി കൈകടത്തലുകൾ നടത്തുന്നു എന്ന ആരോപണങ്ങള്‍ പുറത്തുവന്നതോടെ ആശങ്കയിലായിരിക്കുകയാണ് സാധാരണക്കാരായ നിക്ഷേപകര്‍. സി ബി ഐ അന്വേഷണം വൈകുന്നതും അന്വേഷണ ഉദ്യേഗസ്ഥനായ കോന്നി സി ഐ പി .എസ് രാജേഷിനെ ആലുവയിലേക്ക് സ്ഥലം മാറ്റിയതും ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഓരോ പരാതിക്കും പ്രത്യേകം കേസ് എടുക്കുവാനും പോലീസ് തയ്യാറാകുന്നില്ല. ഡി.ജി.പി മുന്‍ ഉത്തരവ് തിരുത്തിയിട്ടും ഇല്ല. ഇതൊക്കെ പോപ്പുലര്‍ കുടുബത്തിന്റെ ഉന്നത സ്വാധീനമാണ് വ്യക്തമാക്കുന്നത്. സാധാരണക്കാരായ നിക്ഷേപകർ കടുത്ത ആശങ്കയിലാണ്.
ജോലിയിൽ നിന്ന് പിരിഞ്ഞപ്പോൾ ലഭിച്ച പണം, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കരുതി വെച്ചിരുന്നത്, മക്കളുടെ വിവാഹത്തിനായി കരുതിയിരുന്ന പണം, മറ്റ് ജീവനോപാധികളില്ലാത്ത വിധവകളും രോഗികളുമായവര്‍ നിത്യചെലവിനും ചികിത്സാചെലവിനുമായി പണം നിക്ഷേപിച്ചവർ എന്നിങ്ങനെയുള്ളവരെ കണ്ണിൽച്ചോരയില്ലാത്ത തട്ടിപ്പിലൂടെയാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പെരുവഴിയിലാക്കിയിരിക്കുന്നത്. ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ഇവര്‍. പണം നഷ്ടമായതോടെ മാനസികമായും ശാരീരികമായും തകര്‍ന്നുപോയവരും നിരവധി പേരാണ്.
പണം നഷ്ടമായതറിഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ കുഴഞ്ഞു വീണും ഹൃദയം തകർന്നും രണ്ടു നിക്ഷേപകരാണ് മരിച്ചത്. തട്ടിപ്പിനിരയായവരുടെ വാട്ട്സപ്പ് ഗ്രൂപ്പില്‍ ഇതിനു മറുപടിയായെത്തിയ സന്ദേശങ്ങളില്‍ പലതും ആരുടേയും കണ്ണു നിറയ്ക്കും. പലരും അത്മഹത്യയുടെ വക്കിലാണെന്നാണ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. നിക്ഷേപകരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇങ്ങനെയുള്ളവർ സ്വരുക്കുട്ടിയ ജീവിത സ്വപ്നങ്ങളും ആകെയുള്ള സമ്പാദ്യവുമാണ് പോപ്പുലർ റോയിയും കുടുംബവും തട്ടിയെടുത്തത്. അതിന് കുടപിടിക്കാനാണ് ചില നേതാക്കളും പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരും ശ്രമിക്കുന്നത്. കേസിൽ നീതി ഉടൻ തന്നെ ലഭ്യമാക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.