കോന്നി : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നി താലൂക്കില്‍ ലഭിച്ചത് ഇരുപത്തിയഞ്ച് കോടിയോളം രൂപയുടെ പരാതി. പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കുകളിലും വിവരശേഖരണം നടത്തിയിരുന്നു. 22, 23, 24 തീയതികളിലായാണ് പരാതികള്‍ സ്വീകരിച്ചത്. അന്‍പത് ലക്ഷം മുതല്‍ ഒന്നരകോടിയോളം രൂപ വരെ നിക്ഷേപിച്ചിട്ടുള്ളവരുടെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്.
നിക്ഷേപിച്ച പണത്തിന്റെ ഉറവിടം കാണിച്ചിട്ടുള്ളവയും അല്ലാത്തവയും തട്ടിപ്പിനിരയായതില്‍ ഉള്‍പ്പെടുന്നു. തട്ടിപ്പിനിരയായവരുടെ പരാതികള്‍ നാല് ഹെല്‍പ് ഡെസ്കുകള്‍ വഴിയാണ് സ്വീകരിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ ആസ്തികള്‍ കണ്ടുകെട്ടുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ വിവരങ്ങള്‍ ആവശ്യമാണ്. ഇത് ശേഖരിക്കുവാന്‍ താലൂക്കുകളിലെ തഹല്‍സീദാര്‍മാര്‍ക്ക് കളക്ടര്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പരാതികള്‍ സ്വീകരിച്ചത്.