പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് സി.ബി.ഐയുടെ അഭിഭാഷകന്‍ കേരള ഹൈക്കോടതിയെ ബോധിപ്പിച്ചു. നിക്ഷേപകരുടെ പരാതിയിന്മേല്‍ ഹൈക്കോടതി കഴിഞ്ഞദിവസം സി.ബി.ഐയോട് വിശദീകരണം ആരാഞ്ഞിരുന്നു. നിക്ഷേപകരോടൊപ്പം നിലകൊണ്ടിരുന്ന ബി.ജെ.പി ഇക്കാര്യത്തില്‍ മൌനം പാലിച്ചെന്നുവേണം കരുതാന്‍. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നേരിട്ടെത്തി നിക്ഷേപക സംഗമത്തില്‍ പറഞ്ഞിരുന്ന ഉറപ്പുകള്‍ വെറും പാഴ് വാക്കുകളായി മാറിയെന്ന് നിക്ഷേപക കൂട്ടായ്മകള്‍ പറയുന്നു.
കേരള സര്‍ക്കാരും നിക്ഷേപകരെ കൈവിട്ടു. പ്രത്യേക കോടതി സ്ഥാപിക്കുവാന്‍ പണമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കെ.പി.ഐ.ഡി ആക്റ്റ് പ്രകാരമുള്ള ഒരു നടപടിക്രമങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. സഞ്ജയ് കൌള്‍ എന്ന സീനിയര്‍ ഐ.എ.എസ് ഓഫീസറെ നിയമിച്ചതല്ലാതെ മുന്നോട്ട് ഒന്നും നീങ്ങിയില്ല. പോപ്പുലര്‍ ഉടമകളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യമായ ഒരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇക്കാര്യവും നിക്ഷേപകരുടെ അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
പോപ്പുലർ നിക്ഷേപകർക്ക് നീതി അകലെയാണോ എന്നാണ് വാർത്തകൾ പുറത്തു വന്നതോടെ തട്ടിപ്പിനിരയായ നിക്ഷേപകർ ചോദിക്കുന്നത്. പോപ്പുലർ റോയി , ഭാര്യ പ്രഭ , മക്കളായ റീനു ,റീബ, എന്നീ പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
https://www.facebook.com/mediapta/videos/1173610506367498/