പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട നിരവധി പേർ പരാതികളുമായി രംഗത്ത് എത്തി.
കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിലാണ് പരാതികളുമായി നിക്ഷേപകർ എത്തിച്ചേരുന്നത്. അതേസമയം എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ
അറുപതോളം നിക്ഷേപകർ പോലീസിൽ പരാതി നൽകി.
ഇവർക്ക് മാത്രമായി മൂന്നര കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. നോർത്ത് പറവൂർ കെഎംകെ കവലയിലെ പോപ്പുലർ ഫിനാൻസിന്റെ ഓഫീസിൽ നിക്ഷേപിച്ചവരാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ ഓഫീസ് ഒരു മാസമായി അടച്ചിരിക്കുകയാണ്. റൂറൽ പോലീസ് സ്റ്റേഷനുകളിൽ കേസെടുക്കേണ്ട എന്ന നിർദേശം ഉണ്ടായിരുന്നതിനാൽ ആദ്യം ലഭിച്ച ഏതാനും പരാതികൾ പത്തനംതിട്ട പോലീസ് മേധാവിക്കു കൈമാറിയിരുന്നു.
പിന്നീടു വന്ന പരാതിക്കാരുടെ മൊഴിയെടുത്തു. പോപ്പുലർ ഫിനാൻസിന്റെ ശാഖകളിൽ പണം നഷ്ടപ്പെട്ടവരുടെ പരാതികളിൽ അതതു സ്റ്റേഷനിൽ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചെങ്കിലും ഉത്തരവിന്റെ പകർപ്പു ലഭിച്ചില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് ഇവിടെ കേസ് റജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു.