കൊച്ചി : പോപ്പുലര്‍ തട്ടിപ്പില്‍ ഇരയായവരുടെ സംഘടനകള്‍ ചേര്‍ന്ന് പുതിയ ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചു. പോപ്പുലര്‍ ഗ്രൂപ്പ് ഗ്ലോബല്‍ ഡെപ്പോസിറ്റേഴ്സ് കളക്ടീവ് (PGGDC) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന്‍ (PFDA) പ്രസിഡന്റ് സി.എസ് നായര്‍ കണ്‍വീനറും പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (PGIA)യിലെ ടിജു എബ്രഹാം ജോയിന്റ് കണ്‍വീനറുമാണ്. 16 അംഗ കമ്മിറ്റിയാണ് പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
പി.ജി.ഐ.എ പ്രസിഡണ്ടും മുന്‍ ജില്ലാ ജഡ്ജിയുമായ ലീലാമണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഓണ്‍ലൈന്‍ യോഗത്തിലാണ് പുതിയ തീരുമാനം. യോഗത്തില്‍ PGIA, PFDA, PIWA, FIFA, എന്നീ സംഘടനകളെ കൂടാതെ കേരളത്തിനു പുറത്തുള്ള നിക്ഷേപകരുടെ പ്രതിനിധികളും പ്രമുഖ അഭിഭാഷകരും പങ്കെടുത്തു. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതു കൂടാതെ ഭാവി പ്രവര്‍ത്തനവും ചര്‍ച്ചചെയ്തു.
കോന്നി വകയാര്‍ കേന്ദ്രമായി പ്രവര്ത്തിച്ചുവന്ന പോപ്പുലര്‍ ഫിനാന്‍സ് തകര്‍ന്നതോടുകൂടി മുപ്പതിനായിരം നിക്ഷേപകരാണ് വഞ്ചിക്കപ്പെട്ടത്. ഇരുപത്തിയഞ്ചോളം പേരുകളില്‍ കമ്പിനികളും കടലാസു സ്ഥാപനങ്ങളും തട്ടിക്കൂട്ടി അതിലൂടെയായിരുന്നു ആസൂത്രിതമായ തട്ടിപ്പ് നടത്തിയത്. തോമസ് ദാനിയേല്‍ എന്ന റോയി, ഭാര്യ പ്രഭാ തോമസ്, റിനു, റിയ, റീബാ എന്നീ പെണ്‍മക്കളും അറസ്റ്റിലായെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ് അഞ്ചുപേരും.
തട്ടിപ്പിനിരയായ നിക്ഷേപകര്‍ തുടക്കത്തിലെ സംഘടിച്ചു. നാലോളം രജിസ്റ്റേഡ് സംഘടനകളും രൂപീകരിച്ചു. ചിലര്‍ സമരവും പ്രതിഷേധങ്ങളുമായി നീങ്ങിയപ്പോള്‍ ചിലര്‍ നിയമവഴി തേടി. കേസുകള്‍ ഒന്നിനുപിറകെ മറ്റൊന്നായി വന്നുതുടങ്ങിയപ്പോള്‍ പോപ്പുലര്‍ ഉടമകള്‍ തന്ത്രങ്ങള്‍ മെനയുവാനും ആരംഭിച്ചു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം ഇവിടെയും പുറത്തെടുത്തു. ശക്തമായ സംഘടനകളില്‍ നിന്ന് പ്രവര്‍ത്തകരെ അടര്‍ത്തിമാറ്റി വാട്സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഇത്തരത്തില്‍ രൂപീകരിച്ച ഒരു ഗ്രൂപ്പാണ് ‘മേര്‍ജര്‍ ആന്റ് ടെക്കോവര്‍ ‘ (MATO). കോടികള്‍ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഉടമകളും തട്ടിപ്പില്‍ പങ്കാളികളായ മാനേജര്‍മാരും മറ്റു ജീവനക്കാരും അംഗമായ ഈ ഗ്രൂപ്പിലാണ് പണം നഷ്ടപ്പെട്ട നിക്ഷേപകരെയും ചേര്‍ത്തത്. പൂട്ടിക്കിടക്കുന്ന പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ‘ഡി കമ്പിനി’ യെ അവതരിപ്പിച്ച ഈ ഗ്രൂപ്പിന്റെ ചുമതലക്കാര്‍ നിക്ഷേപകരുടെ പണം ഉടന്‍ മടക്കിലഭിക്കുമെന്നും ഓണത്തിനു മുമ്പ് ആദ്യ വിഹിതം ലഭിക്കുമെന്നും പ്രചരണം നടത്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗ്രൂപ്പ് പ്രശസ്തമായി. നഷ്ടപ്പെട്ട പണം മടക്കി കിട്ടുവാന്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തുന്നത് ഈ വാട്സാപ്പിന്റെ നേതാക്കള്‍ ആയതിനാല്‍ ഗ്രൂപ്പിലേക്ക് ആളുകള്‍ ഓടിയെത്തി.
തട്ടിപ്പും ചതിയും രഹസ്യമായി അറിഞ്ഞ പത്തനംതിട്ട മീഡിയ സത്യം ജനങ്ങളിലേക്കെത്തിച്ചു. ഇതോടെ ഡി കമ്പിനിയുടെ പിന്നാമ്പുറങ്ങള്‍ നിക്ഷേപകര്‍ അന്വേഷിച്ചു. ഒപ്പം മേര്‍ജര്‍ ആന്റ് ടെക്കോവര്‍ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളും നിക്ഷേപകരും സംഘടനകളും വ്യക്തമായി മനസ്സിലാക്കി. ഇതേതുടര്‍ന്നാണ് അംഗീകൃത സംഘടനകള്‍ ഒന്നിച്ചു നീങ്ങാന്‍ തീരുമാനിച്ചത്. തട്ടിപ്പിന് ഇരയായവര്‍ക്ക് ഇനിയും ചതി പറ്റുവാന്‍ പാടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് പുതിയ ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചത്. ഇതോടെ പോപ്പുലര്‍ ഉടമകള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും എന്നുറപ്പായിക്കഴിഞ്ഞു. ഒത്തുതീര്‍പ്പ് എന്നനിലയില്‍ നിക്ഷേപകരെ വീണ്ടും കബളിപ്പിക്കുവാനുള്ള ആസൂത്രിത നീക്കമാണ് പൊളിഞ്ഞത്.