പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം. പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയിൽ കൂടുതൽ ദിവസം ആവശ്യമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കസ്റ്റഡി കാലാവധി ദീർഘിപ്പിച്ച് കിട്ടുന്നതിനായി പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. പോപ്പുലർ ഫിനാൻസ് പ്രതികളായ റോയി ഡാനിയേൽ, പ്രഭ ഡാനിയേൽ, മക്കളായ റീനു, റീബ എന്നിവരെ തിങ്കളാഴ്ച പത്തനംതിട്ട കോടതിയിൽ ഹാജരാക്കും.
അതേസമയം പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു പോകുന്നതിനിടെയാണ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്. പോലീസ് ഇതുവരെ ശേഖരിച്ച അന്വേഷണ രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
സാമ്പത്തിക നിക്ഷേപം, ഭൂമിയിടപാട് സംബന്ധിച്ച ഫയലുകൾ എന്നിവ അന്വേഷണ സംഘം എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണവും ഭൂമിയും ഉള്‍പ്പെടെ ഉടമകളുടെ ആസ്തി കോടികൾ വരുമെന്നാണ് വിലയിരുത്തൽ. ആന്ധ്രാ, കർണ്ണാടക, കേരളം എന്നിവിടങ്ങളിൽ ഭൂമി വാങ്ങിയിനത്തിലും ഫ്ലാറ്റുകൾ സ്വന്തമാക്കിയതിലും തട്ടിപ്പ് നടത്തിയ പണം പ്രതികൾ വിനിയോഗിച്ചു.
നിക്ഷേപകരുടെ സ്വര്‍ണം ഉപയോഗിച്ച് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് 80 കോടിയോളം രൂപ ഉടമകള്‍ വായ്പ എടുത്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. തിരുവനന്തപുരത്തും പൂനയിലും സ്വന്തമായി ഉണ്ടായിരുന്ന ഫ്ലാറ്റുകൾ കുറഞ്ഞ വിലയ്ക്ക് മറ്റൊരാള്‍ക്ക് കൈമാറിയതും കണ്ടെത്തി. ഉടമകളുടെ പത്ത് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.