പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് ഉടമകൾക്കു ഇതര സംസ്ഥാനങ്ങളിലുള്ള സ്വത്തു വിവരങ്ങളെക്കുറിച്ച് പോലീസ് വീണ്ടും വിശദമായ അന്വേഷണം നടത്തും. നേരത്തെ രണ്ടു തവണ പ്രതികളുമായി പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ തെളിവെടുപ്പു നടത്തിയിരുന്നു. അഞ്ചാം പ്രതി ഡോ. റിയ തോമസിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും ഇതര സംസ്ഥാനങ്ങളിലേക്ക് വീണ്ടും അന്വേഷണത്തിനായി പോവുക. രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലർ ഫിനാൻസ് ഉടമകൾക്കു വസ്തു വകകളുള്ളതായി കണ്ടെത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ മൂന്നിടത്തായി 48 ഏക്കർ ഭൂമിയും ആന്ധ്രയിൽ 28 ഏക്കറും ഇവരുടെ പേരിലുള്ളതായി പോലീസ് കണ്ടെത്തി.
തിരുവനന്തപുരത്ത് മൂന്നു വില്ലകൾ, കൊച്ചിയിലും തൃശൂരിലും ആഡംബര ഫ്ലാറ്റുകൾ എന്നിവയുമുണ്ട്. വകയാറിലെ കേന്ദ്ര ഓഫീസിനു പുറമേ തിരുവനന്തപുരം, പുണെ, പൂയപ്പള്ളി എന്നിവിടങ്ങളിൽ ഓഫീസ് സമുച്ചയങ്ങളുണ്ട്. 124 കോടി രൂപയുടെ ആസ്തിയാണ് ഇവരുടെ പേരിൽ അവശേഷിക്കുന്നത്. റോയ് ഡാനിയൽ, ഭാര്യ, 3 മക്കൾ എന്നിവരെ ഒരുമിച്ചു കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് സമർപ്പിച്ച അപേക്ഷ കോടതി പരിഗണിക്കാൻ മാറ്റി വെച്ചിരിക്കുകയാണ്. അഞ്ചാം പ്രതി ഡോ. റിയയ്ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോടതിയുടെ നടപടി. 17 –നു രാത്രി നിലമ്പൂരിലെ ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് റിയയെ കസ്റ്റഡിയിൽ എടുത്തത്. തുടർന്നു ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. കോടതി റിമാൻഡു ചെയ്തതിനെ തുടർന്നു റിയ ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്.
നിലമ്പൂരിൽ നിന്നു റിയയെ കൊണ്ടുവന്ന രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിൽ കഴിയുന്ന പ്രതികളുടെ ബന്ധുവിനെയും മകനെയും നാട്ടിലെത്തിച്ച് ചോദ്യം ചെയ്തേക്കുമെന്നു സൂചനയുണ്ട്. പണം തിരിമറി നടത്താൻ മറ്റു ചില ബുദ്ധികേന്ദ്രങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. സാമ്പത്തിക തട്ടിപ്പു കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ പ്രധാനമന്ത്രിക്കു നിവേദനം നൽകും. സംസ്ഥാന ബിജെപി നേതൃത്വം മുഖേനയാണ് ആക്‌ഷൻ കൗൺസിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.